കിടപ്പാടം കടലാസിലെ വാഗ്ദാനം: കുടിയിറക്ക് ഭീഷണിയില്‍ ഒരു കുടുംബം
കോട്ടയം : എം.സി റോഡിലെ കോടിമത പാലം പുനര്‍നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടാല്‍ പകരം കിടപ്പാടം നല്‍കാമെന്ന വാഗ്ദാനം കടലാസിലൊതുങ്ങുന്നു. വാഗ്ദാനങ്ങള്‍ വിഴുങ്ങിയ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളുടെ നടപടി മൂലം വിധവയും രണ്ടു പെണ്‍മക്കളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമാണ് വഴിയാധാരമാകാന്‍ പോകുന്നത്.
കോടിമത പാലം പുനര്‍നിര്‍മാണത്തിനായി പദ്ധതിയിട്ടപ്പോള്‍ തന്നെ പാലത്തിന്റെ അപ്രോച്ച് റോഡിനടുത്തുള്ള ഷീറ്റിട്ട കൂരയില്‍ താമസിക്കുന്ന ഐഷക്കും കുടുംബത്തിനും താമസയോഗ്യമായ വീടും സ്ഥലവും മറ്റെവിടെയെങ്കിലും നല്‍കാമെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ വാഗ്ദാനം.
പിന്നീട് സ്ഥലം കണ്ടെത്തേണ്ട ചുമതല ഐഷക്കും ഇവരെ സഹായിക്കുന്ന സന്നദ്ധ സംഘടനകളുടെയുമായി. ആര്‍പ്പൂക്കരയില്‍ 20 സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും ഇവിടം ചതുപ്പ് നിലമായതിനാല്‍ വീട് നിര്‍മിക്കാനാവില്ലെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നു. പിന്നീട് കിടപ്പാടം നല്‍കണമെന്നാവശ്യപ്പെട് ഐഷക്ക് പല തവണ കലക്ട്രേറ്റിലും മറ്റു സര്‍ക്കാരോഫീസുകളിലും കയറിയിറങ്ങേണ്ടി വന്നു. ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞതല്ലാതെ വ്യക്തമായ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ല.
ആദ്യമൊക്കെ സഹായവാഗ്ദാനവുമായി വന്ന നഗരസഭയും പിന്നീട് കൈയൊഴിയുകയായിരുന്നു.
കോടിമത പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള കരാറുകാരന്‍ മാത്രമാണ് തങ്ങളോട് അനുഭാവപൂര്‍വമായി പെരുമാറുന്നുള്ളൂവെന്ന് ഐഷ പറയുന്നു. എന്നാല്‍ പാലത്തിന്റെ നിര്‍മ്മാണം വടക്കേയറ്റത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആഴ്ചകള്‍ക്കകം തെക്കേ ഭാഗത്തെ നിര്‍മാണ ജോലികള്‍ തുടങ്ങും. അപ്പോഴേക്കും ഐഷക്കും കുടുംബത്തിനും മറ്റ് താമസസ്ഥലം കണ്ടെത്തേണ്ടി വരും.
താല്‍ക്കാലികമായി ഇറഞ്ഞാല്‍ പാലത്തിനടിയില്‍ താമസസൗകര്യമൊരുക്കാമെന്ന് പൊതുമരാമത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അടച്ചുറപ്പുള്ള വീടുകളില്‍ പോലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോള്‍ പാലത്തിനടിയിലെങ്ങനെ ഞങ്ങള്‍ താസമിക്കുമെന്നാണ് ഐഷ ചോദിക്കുന്നത്. ഭര്‍ത്താവും മകളുടെ ഭര്‍ത്താവും ഈയടുത്ത കാലത്താണ് മരിച്ചത്.എം.സി റോഡില്‍ കോടിമത പാലത്തിനടുിത്തുണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കുന്ന ഐഷക്ക് പിന്തുണയുമായി ചില സന്നദ്ധ സംഘടനകള്‍ രംഗത്തുള്ളതാണ് ഈ കുടുംബത്തിന് അല്‍പം ആശ്വാസം നല്‍കുന്നത്.
കൂടാതെ തെരുവുനായകളെ സംരക്ഷിക്കുന്നുമുണ്ട്. ഇതിന്റെ പേരില്‍ ഫ്രണ്ട്‌സ് ഓഫ് അനിമല്‍സ് എന്ന സംഘടന ഐഷയെ സഹായിക്കാന്‍ തയ്യാറാണ്.എന്നാല്‍ കിടപ്പാടം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനമാണ് ഈ കുടുംബത്തിന് ആശങ്കയുളവാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."