വിസയുമായി ഖൈസ് എത്തുംമുന്‍പ് ലാമിയ യാത്രയായി
എടച്ചേരി: നിറമനസോടെ കുടുംബത്തെ വിദേശത്തേക്ക് കൊണ്ടുപോകാനെത്തിയ ഖൈസ് തന്റെ മകളെ കണ്ടത് നിറകണ്ണുകളോടെ.
പിതാവ് വിസയുമായെത്തും മുന്‍പ് മകള്‍ ഇന്ഷാ ലാമിയ മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു. ആരും കാണാത്ത ലോകത്തേക്ക്.
ഇന്നലെയാണ് പുറമേരിക്കടുത്തെ കക്കംവെള്ളിയില്‍ നാട്ടുകാരെ നടുക്കിയ കൊലപാതകം നടന്നത്. മൂന്നുവയസുകാരിയായ ഇന്ഷാ ലാമിയയെ സ്വന്തം മാതാവ് സഫൂറ കൊലപ്പെടുത്തുകയായിരുന്നു.
ദുബൈയില്‍ ജോലി ചെയ്യുന്ന പുറമേരി കക്കംവെള്ളി സ്വദേശിയായ ഖൈസ് തന്റെ ഭാര്യ സഫൂറയെയും മക്കളായ ലാമിയ, അമന് സയാന് എന്നിവരെയും ഇന്ന് ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചതായിരുന്നു.
മകളെ കൊലപ്പെടുത്തിയത് സ്വന്തം മാതാവാണെന്നറിഞ്ഞ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
രണ്ടാമത്തെ മകനായ അമന് സയ്നെയും കൊലപ്പെടുത്താനുള്ള ശ്രമത്തിനുശേഷം തന്റെ ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് നരിപ്പറ്റ സ്വദേശിനിയായ സഫൂറ ചെയ്തത്.
കക്കംവെള്ളി അല്‍ഫുര്‍ഖാന്‍ കോളജിന് സമീപം കുളങ്ങരത്ത് എന്ന വീട്ടിലായിരുന്നു ഖൈസിന്റെ മാതാപിതാക്കള്‍ക്കൊപ്പം സഫൂറയും മക്കളും താമസിച്ചുവന്നത്.
ഇന്നലെ ഉച്ചക്ക് 11 മണിയോടെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനെന്ന് പറഞ്ഞ് സഫൂറ വീടിന്റെ മുകള്‍ നിലയിലേക്ക് പോയിരുന്നു. ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് മൂത്ത മകള്‍ ലാമിയയെ കൊലപ്പെടുത്തിയത്.
ശേഷം ഇളയ മകനെയും വധിക്കാനുള്ള ശ്രമം നടത്തി സഫൂറ തന്നെ വീടിന്റെ താഴെയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഖൈസിന്റെ മകന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലാണ്. ലാമിയയുടെ മൃതദേഹം ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."