ഹോട്ടലുകള്‍ കൊളളയടിക്കുന്നു; ഭക്ഷണ സാധനങ്ങള്‍ക്ക് തീവില
കൊച്ചി : പട്ടണത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ക്ക് തീവില. ചൂഷണത്തിന് വിധേയമാകുന്നത് പുറത്തുനിന്നും എത്തുന്ന യാത്രക്കാരും വിനോദ സഞ്ചാരികളും. റമദാന്‍ വ്രതാനുഷ്ഠാനക്കാലമായതിനാല്‍ വിവിധ തരത്തിലുളള വിഭവങ്ങളൊരുക്കിയും കൊളളനടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ പരിസരത്തുമുളള ഹോട്ടലുകളിലാണ് കൊളള അധികവും.
റെയില്‍വേ സ്‌റ്റേഷനുളളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലും കൊളളയ്ക്ക് ശമനമില്ല. ചായ മുതല്‍ ഊണു വരെയുളള ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ക്ക് പലവിധത്തിലാണ് വില ഈടാക്കുന്നത്. ചായയ്ക്ക് ഏഴു രുപയും എട്ടു രൂപയും വില ചിലയിടങ്ങളില്‍ വാങ്ങുമ്പോള്‍ മറ്റിടങ്ങളില്‍ പത്തുരൂപയും ഈടാക്കുന്നുണ്ട്.
സാധാരണ ഊണിന് നാല്‍പത് രൂപമാത്രം വിലയുളളപ്പോള്‍ ചിലയിടങ്ങളില്‍ ഇത് എഴുപത് രൂപയായി മാറുന്നുണ്ട്. ചെറുകടി ഒന്നിന് ഏഴ് രൂപ വാങ്ങുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പല കടകളിലും ഇതിന് പതിനഞ്ചു രൂപവരെ ഈടാക്കുന്നു. സമൂസ ഒന്നിന് പതിനേഴ് രൂപവരെ ഈടാക്കുന്നുണ്ട്. റമദാന്‍ പ്രമാണിച്ച് വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാന്‍ എത്തുന്ന നോമ്പുക്കാരായ യാത്രക്കാര്‍ സമൂസ, കട്ട്‌ലറ്റ് തുടങ്ങിയ വിഭവങ്ങളെ കൂടുതല്‍ ആശ്രയിക്കുമ്പോള്‍ ഇതില്‍ അമിത വില ഈടാക്കാനാണ് കച്ചവടക്കാര്‍ക്ക് താല്പര്യം.
യാതൊരു കാരണവും കൂടാതെയാണ് വില വര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ മാര്‍ക്കറ്റില്‍ തക്കാളിക്ക് വില വര്‍ധിച്ചതിന്റെ പേരിലാണ് മാംസാഹാരങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടുളളത്. ഇതില്‍ ചെറുകടികളായ സമോസയും കട്ട്‌ലറ്റും പപ്പ്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരുകിലോ തക്കാളിക്ക് എണ്‍പത് രൂപ വിലവരുമ്പോള്‍ തക്കാളി വാങ്ങാതെ തക്കാളിയുടെ വിലകുറഞ്ഞ സോസുകളാണ് ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്.
അതേസമയം പട്ടണത്തിലൂടനീളം ഹോട്ടലുകള്‍ ആവശ്യക്കാരനെ കൊളളയടിക്കുമ്പോള്‍ വില നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും ആരംഭിച്ചിട്ടില്ലെന്നുളളത് ഹോട്ടലുടമകള്‍ക്ക് സഹായകമാകുന്നുണ്ട്. മാത്രമല്ല നിശ്ചിത വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുളള ഭക്ഷണപഥാര്‍ത്ഥങ്ങള്‍ക്ക് വിലക്കനുസരിച്ചുളള മൂല്യം ഉറപ്പുവരുത്തേണ്ടതുമുണ്ട്. മിക്ക കടകളിലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന പലഹാരങ്ങളുടെ അളവ് തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യത ഉറപ്പാക്കാന്‍ വേണ്ടപ്പെട്ടവര്‍ മെനക്കെടാറില്ല.
ഇതോടൊപ്പം തന്നെ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനധികൃത തട്ടുക്കടകള്‍ ഇടതടവില്ലാതെ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ തെരുവില്‍തന്നെ പാകം ചെയ്ത് വില്‍ക്കുകയാണ്. യാതൊരു തരത്തിലുമുളള സുരക്ഷയും ഉറപ്പാക്കാതെയാണ് പാകം ചെയ്യുന്നത്. മിക്ക കടകള്‍ക്കും ലൈസന്‍സ് ഇല്ലെന്നുളളതാണ് യാഥാര്‍ത്ഥ്യം. ഹോട്ടലുകളില്‍ പഴകിയ വസ്തുക്കള്‍ പരിശോധിച്ച് കണ്ടുക്കെട്ടാനുളള സംവിധാനവും നിലച്ചമട്ടാണ്. ആരോഗ്യവകുപ്പും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്. ഹോട്ടലുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനുളള സംവിധാനം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."