ഓട്ടോ സ്റ്റാന്റ് മാറ്റിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
മലയിന്‍കീഴ്: പേയാട് ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റിയതിനെതിരേ പഞ്ചായത്ത് യോഗത്തില്‍ വിഷയാവതരണത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. എന്നാല്‍ വിഷയം ചര്‍ച്ചക്കെടുക്കാതെ പഞ്ചായത്ത് യോഗം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. നിലവിലുള്ള ബസ് സ്റ്റോപ്പും ഓട്ടോറിക്ഷ സ്റ്റാന്‍ഡും മാറ്റുന്നതിന് ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നതിന് വിപരീതമായിട്ടാണ് ഓട്ടോറിക്ഷ തൊഴിലാളികളോടൊപ്പം ഒരു വിഭാഗം പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എല്‍.വിജയരാജിന്റെ വിശദീകരണം.
ജങ്ഷനില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാല്‍ പോലിസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓട്ടോ സ്റ്റാന്‍ഡ് നീക്കിയിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന രീതിയില്‍ ജങ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് അനുമതി നല്‍കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നിലവിലുണ്ടായിരുന്ന സ്ഥലത്ത് തന്നെ ഓട്ടോ സ്റ്റാന്‍ഡ് വേണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധവും ധര്‍ണയും ആരംഭിച്ചത്. തൊഴിലാളികളോടൊപ്പം പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് അലോസരങ്ങള്‍ സൃഷ്ടിക്കുന്നത് വികസനത്തിന് തടയിടാനും വ്യാപാരികളെ തെറ്റിധരിപ്പിക്കുന്നതിനുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."