കുടിവെള്ള പദ്ധതിക്കു പൈപ്പ് സ്ഥാപിക്കല്‍: ചെളിക്കുണ്ടായി പുതുക്കാട് ബസാര്‍ റോഡ്
പുതുക്കാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ മൂലം പുതുക്കാട് ബസാര്‍ റോഡ് ചളിക്കുളമായി. പൈപ്പിടാനെടുത്ത കുഴിയില്‍ വീണു വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായി. സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു കോടി ചെലവില്‍ നടപ്പാക്കുന്ന പുതുക്കാട് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള പൈപ്പു സ്ഥാപിക്കുന്നതിനുള്ള കാനയാണു യാത്രക്കാര്‍ക്കു ദുരിതമാകുന്നത്. കരാറുകാരുടെ അനാസ്ഥയാണെന്നാണു നാട്ടുകാരുടെ ആരോപണം.
കുറുമാലി പുഴയില്‍ നിന്നു വടക്കേതൊറവ്, ബ്ലോക്ക് ഓഫീസ് റോഡ് ഭാഗത്തേക്കു വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയാണു ഇപ്പോള്‍ നടന്നുവരുന്നത്. വേണ്ടതായ മുന്കരുതലൊന്നുമില്ലാതെയെടുത്ത കുഴിയില്‍ മഴവെള്ളം നിറഞ്ഞു അപകടത്തിനിടയാകുന്നു. സൂചന ബോര്‍ഡ് സ്ഥാപിക്കാത്തതും അപകട കാരണമായി.
താലൂക്ക് ആസ്പത്രി റോഡില്‍ നിന്ന് ബസാര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് കുറുകെ കുഴിച്ച കുഴിയിലാണ് വാഹനങ്ങള്‍ താഴ്ന്ന് അപകടം പതിവാകുന്നത്. രാത്രിയില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച കുഴിയില്‍ പൈപ്പിട്ട ശേഷം മണ്ണു നിറച്ചിരുന്നു. എന്നാല്‍ മഴ പെയ്തതോടെ കുഴിയില്‍ ചെളി നിറയുകയായിരുന്നു. ഇതറിയാതെ വരുന്ന വാഹനങ്ങളാണ് കുഴിയില്‍ വീഴുന്നത്. പൈപ്പിടാന്‍ കുഴിയെടുക്കുകയും കൃത്യമായി കുഴിയടക്കുകയും ചെയ്യാത്തത് കരാറുകാരുടെ അശ്രദ്ധയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."