പ്ലാസ്റ്റിക് നിരോധനം നോക്കുകുത്തിയാകുന്നു മട്ടന്നൂരിലെ പാതയോരങ്ങളില്‍ കുടിവെള്ള കുപ്പികള്‍ സുലഭം
മട്ടന്നൂര്‍: ഹരിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനവും പരിസര ശുചീകരണവും കൊട്ടിഘോഷിക്കുമ്പോള്‍ മട്ടന്നൂരില്‍ പ്ലാസ്റ്റിക് കുപ്പികള്‍ റോഡരികില്‍ സുലഭം. ഉപയോഗം കഴിഞ്ഞ കുപ്പികള്‍ റോഡരികില്‍ വലിച്ചെറിയുന്നത് പാതയോരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കാനും കാരണമാവുന്നു.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും വിനോദസഞ്ചാരികളും കാല്‍നടയാത്രക്കാരുമാണ് ഇത്തരത്തില്‍ കുപ്പികള്‍ വലിച്ചെറിയുന്നത്. വേനല്‍ചൂടിന്റെ കാഠിന്യം സഹിക്കാന്‍ പറ്റാത്തതാണ് ജനങ്ങള്‍ കുപ്പി വെള്ളത്തെ ആശ്രയിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ വില്‍പന നടത്തുന്ന ശരാശരി കുപ്പിവെള്ളത്തിന്റെ 20 മടങ്ങോളം അധികമാണ് ഈവര്‍ഷം വില്‍പ്പന നടത്തിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. വേനല്‍ചൂടിന്റെ കാഠിന്യത്തില്‍നിന്നു രക്ഷ നേടാനായി വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ തെരുവോരങ്ങളില്‍ കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുപ്പിവെള്ളത്തിന്റെ വിപണനം വര്‍ധിക്കുന്നതല്ലാതെ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.
വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുപരിപാടികളില്‍ പോലും ഇപ്പോള്‍ കുപ്പിവെള്ളം എത്തുന്നുണ്ട്. വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ വീടുകളില്‍നിന്ന് ആവശ്യത്തിനു വെള്ളം കരുതിയാല്‍ കുപ്പിവെള്ളത്തിന്റെ വില്‍പന കുറക്കാന്‍ സാധിക്കും. വേനല്‍ചൂടില്‍നിന്നു രക്ഷ നേടാനായി ഓരോ ടൗണുകള്‍ കേന്ദ്രീകരിച്ചും കുടിവെള്ള പന്തല്‍ പോലെയുള്ള സംരംഭങ്ങള്‍ തദ്ദേശസ്ഥാപങ്ങള്‍ കാര്യക്ഷമമായി സ്ഥാപിച്ചും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കും. ഇതിനുപുറമെ, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വലിച്ചെറിയുന്നതിന് കര്‍ശനമായ നിയന്ത്രണവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."