സാഗര്‍ ചുഴലിക്കാറ്റ്: 9 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
കോഴിക്കോട്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഇന്ത്യ ഒന്‍പത് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. കേരള തീരത്തുനിന്ന് ഏകദേശം രണ്ടായിരം കിലോമീറ്ററിലധികം ദൂരെയാണ് സാഗര്‍ ചുഴലിക്കാറ്റുള്ളത്. ഡല്‍ഹിയിലെ റീജ്യനല്‍ സ്പെഷലൈസ്ഡ് മെറ്റീരിയോളജിക്കല്‍ സെന്ററാണ് ഇന്നലെ രാവിലെ 8.30ഓടെ ചുഴലിക്കാറ്റായി മാറിയ സാഗറിനെക്കുറിച്ച് വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
മ്യാന്മര്, തായ്ലന്റ്, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്, മാലദ്വീപ്, ഒമാന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിനും ജിദ്ദയിലെ ആര്.ടി.എച്ച് സെന്ററിനുമാണ് മുന്നറിയിപ്പ് അയച്ചത്. 14ന് അറബിക്കടലില്‍ രൂപപ്പെട്ട ലോ പ്രഷര്‍ ആണ് ഇന്നലെ ചുഴലിക്കാറ്റായത്. ചുഴലിക്കാറ്റിന് പേരിടാനുള്ള അവകാശം ഇന്ത്യക്കായതിനാല് നേരത്തേ തീരുമാനിച്ച സാഗര്‍ എന്ന പേരിട്ടു. ഓഖിക്കുപിന്നാലെ അതേ സഞ്ചാരപാതയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയെങ്കിലും ചുഴലിക്കാറ്റാകാതെ ശക്തി ക്ഷയിക്കുകയായിരുന്നു. അന്ന് സാഗര്‍ എന്ന പേര് തയാറായിരുന്നെങ്കിലും ഇപ്പോഴാണ് അത് ഉപയോഗിച്ചത്. യമന്‍ സമീപം ഏദന്‍ കടലിടുക്കില്‍ ഉത്തര അക്ഷാംശം 13.2 ഡിഗ്രി വടക്കും ദക്ഷിണ അക്ഷാംശം 48. 7 ഡിഗ്രി കിഴക്കുമാണ് ഇപ്പോള്‍ സാഗറിന്റെ സ്ഥാനം. മണിക്കൂറില്‍ 11 കി.മി വേഗത്തില്‍ യമന്‍ തീരത്തെ ലക്ഷ്യംവച്ച് നീങ്ങുകയാണ്. ഏദനില്‍ നിന്ന് 400 കി.മി പടിഞ്ഞാറ് വടക്കാണ് സാഗറുള്ളത്. ഇന്ത്യയെ സാഗര്‍ ഒരുതരത്തിലും ബാധിക്കില്ലന്നും യമന്‍, സൊമാലിയ, സഊദി രാജ്യങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."