കാസര്‍കോട് ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കുറ്റക്കാര്‍ മൂന്ന് പേരെ വെറുതെവിട്ടു
കൊച്ചി: കാസര്‍കോട് സ്വദേശിയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ കോടതി കണ്ടെത്തി. മൂന്നുപേരെ തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയും ചെയ്തു. കുറ്റക്കാരായ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. 2001 സെപ്റ്റംബര്‍ 18 നാണ് കാസര്‍കോട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്.
കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ മുഹമ്മദ് ഇഖ്ബാല്‍, തളങ്കര സ്വദേശി ജാക്കി ഹനീഫ എന്ന മുഹമ്മദ് ഹനീഫ എന്നിവരെയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കാസര്‍കോട് തായലങ്ങാടി സ്വദേശി അബ്ദുല്‍ ഗഫൂര്‍, ചെങ്ങള സ്വദേശി എ.എം മുഹമ്മദ്, ഉപ്പള സ്വദേശി അബൂബക്കര്‍ ഹാജി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഇവര്‍ക്കെതിരേ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ സംഘം പരാജയപ്പെട്ടതായി ജഡ്ജി എസ്. സന്തോഷ്‌കുമാര്‍ നിരീക്ഷിച്ചു.
കേസിലെ പ്രതി അബൂബക്കറിന്റെ മകളെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബാലകൃഷ്ണനെ കാറില്‍ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു എന്നാണ് കേസ്.
ആദ്യം ലോക്കല്‍ പൊലിസാണ് കേസന്വേഷിച്ചത്. മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുവഹിച്ചതായും എ. എം മുഹമ്മദ് ഗൂഢാലോചനയില്‍ പങ്കെടുത്തതായുമാണ് പൊലിസ് കണ്ടെത്തിയത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് 2010ല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തത്. തുടര്‍ന്നാണ് അബൂബക്കര്‍ ഹാജിയെയും പ്രതിചേര്‍ത്തത്.
ഇതിനിടെ വിദേശത്തേക്ക് കടന്ന മുഹമ്മദ് ഇഖ്ബാലിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് കേസില്‍ സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപേരുടെയും ജാമ്യം കോടതി റദ്ദാക്കി. ഇവരെ എറണാകുളം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഇന്ന് ഇവര്‍ക്ക് പറയാനുള്ളതുകൂടി കേട്ടതിനു ശേഷമായിരിക്കും കോടതി വിധി പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."