സോളാര്‍: സര്‍ക്കാരിന് എന്തും തീരുമാനിക്കാം- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എന്തു തീരുമാനവും എടുക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇവിടെ ജുഡിഷ്യറി ഉണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസിന്റെ പേരില്‍ അഞ്ചു വര്‍ഷക്കാലം തന്നെ വേട്ടയാടിയപ്പോള്‍ അതിനെ താനോ, യു.ഡി.എഫോ രാഷ്ട്രീയമായി നേരിട്ടിട്ടില്ല. നിയമപരമായി നേരിടുമെന്നാണ് അന്നു പറഞ്ഞത്. ഇന്നും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തു പോയപ്പോള്‍ എല്ലാം പോയി. നാലു ഭാഗത്താണ് കത്തിനെക്കുറിച്ച് പരാമര്‍ശമുള്ളത്. 1,075 പേജുള്ള റിപ്പോര്‍ട്ടില്‍ 849 പേജും കത്തിനെ ആസ്പദമാക്കിയാണ്. കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മൂന്നു കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. കത്ത് കോടതി നീക്കിയതോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായിരിക്കുകയാണ്.
തനിക്കു മേല്‍ ആരോപണങ്ങളുടെ കൂമ്പാരം വന്നു വീണപ്പോഴും അത് ഉന്നയിച്ചവര്‍ക്കെതിരേ ഉപയോഗിക്കാന്‍ കിട്ടിയ അവസരം താന്‍ ഉപയോഗിച്ചില്ല. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എം 10 കോടി വാഗ്ദാനം ചെയ്തതായി ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ കവര്‍ സ്റ്റോറി വന്നു. എന്നാല്‍ അതിന്റെ പേരില്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ തങ്ങള്‍ ആക്ഷേപിച്ചില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യം പരിശോധിക്കാതെ എടുത്തുചാടി നടപടിയെടുത്തു. മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയതും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടുമെല്ലാം കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു. പലതിനും പിന്നീടു മറുപടി പറയാന്‍ വിഷമിച്ചതും വിശ്വാസ്യത നഷ്ടമായതും അതിനാലാണ്.
ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിന്റെ പ്രതികാര നടപടിയാണോ ഇപ്പോള്‍ നേരിടുന്നതെന്ന ചോദ്യത്തിന്, പിണറായി വിജയനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്നു വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണത്തില്‍ തന്റെ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെന്നതിന്റെ തെളിവ് കൂടിയാണത്. താന്‍ അധികാരത്തില്‍നിന്ന് പോകുമ്പോള്‍ ചീത്തപ്പേര് വേണ്ടെന്നു കരുതിയാണ് അന്വേഷണം സി.ബി.ഐക്കു വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി. പിന്നീട് ഒരു പൊതുതാല്‍പര്യ ഹരജി വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
സംസ്ഥാന ഭരണം ജനങ്ങള്‍ ശരിക്കും വിലയിരുത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ഇതിന്റെ ഫലം കാണാമെന്നും ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."