അധികൃതര്‍ക്ക് മൗനം:എസ്.എ.പി ക്യാംപില്‍ ത്വക്ക്‌രോഗം പടരുന്നു
തിരുവനന്തപുരം: പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ ത്വക്ക് രോഗം വ്യാപകമായി പടരുമ്പോഴും അധികൃതര്‍ക്ക് മൗനം. ക്യാംപിലെ ഇരുപത് പേര്‍ക്കാണ് പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്നലെ നീന്തല്‍ പരിശീലനത്തിനെത്തിയ ഇവരെ കുളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ ഇന്‍സ്ട്രക്ടര്‍മാര്‍ മടക്കി അയച്ചു. ചെറിയ കുട്ടികള്‍ വരെ നീന്തല്‍ പരിശീലനത്തിനിറങ്ങുന്ന പാലോട് പച്ച നീന്തല്‍ക്കുളത്തില്‍ പരിശീലനത്തിന് എത്തിയപ്പോഴാണ് ടെയ്‌നി പൊലീസുകാരില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പരിശീലനത്തിന് അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു.
250 ഓളം ട്രെയ്‌നികളാണ് ക്യാംപിലുള്ളത്. തൊലിപ്പുറത്തെ നിറം മാറ്റവും തടിച്ചു പൊന്തുന്നതും വൃണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ചുണങ്ങ് പടരുന്നതാണോ എന്നറിയാന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ത്വക്ക് രോഗ വിദഗ്ധര്‍ തടത്തിയ പരിശോധനയില്‍ ഫംഗസ് ബാധയാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഫംഗസ് ബാധയാണെന്ന് അറിഞ്ഞിട്ടും ഇവര്‍ക്ക് ആവശ്യത്തിന് ചികിത്സ നല്‍കാതെ നീന്തല്‍ പരിശീലനത്തിന് എത്തിക്കുകയായിരുന്നു.ക്യാംപിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നതാണ് ഇവരില്‍ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ക്യാംപിലെ ഡ്രെയിനേജുകള്‍ പൊട്ടിയൊലിക്കുന്നതും പകര്‍ച്ചവ്യാധികള്‍ പകരാന്‍ ഇടയാക്കുന്നുണ്ട്. അതേസമയം മഴക്കാലം കൂടി എത്തുന്നതോടെ പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി ക്യാംപ് മാറിയേക്കാമെന്നാണ് പൊലിസുകാരുടെ ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."