'അനാവശ്യ പ്രസ്താവനകള്‍ വേണ്ട'- പ്രവര്‍ത്തകര്‍ക്ക് ആദിത്യനാഥിന്റെ നിര്‍ദ്ദേശം
ലക്‌നൗ: അനാവശ്യ പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രവര്‍ത്തകര്‍ക്കു നല്‍കിയ ആദ്യ നിര്‍ദ്ദേശമാണിത്. വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളിലൂടെ സ്ഥിരം വിവാദ നായകനായിരുന്നയാളാണ് ആദിത്യനാഥ്.
ഉത്തര്‍പ്രദേശിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരോട് യാതൊരുവിധ വേര്‍തിരിവുകളും കാട്ടില്ലെന്ന ഉറപ്പും മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രഥമ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് നല്‍കി.
തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരസ്ഥാനത്തേക്ക് എത്തുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വിതച്ചിട്ടുണ്ട്. അത് ഇല്ലാതാക്കുക എന്നു കൂടി ലക്ഷ്യമിട്ടാണ് ആദിത്യനാഥിന്റെ സ്വരം മയപ്പെടുത്തിയുള്ള രംഗപ്രവേശം.
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള 44 അംഗ മന്ത്രിസഭ ഉത്തര്‍പ്രദേശില്‍ അധികാരമേറ്റത്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലക്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."