മൂവാറ്റുപുഴ: ഭാരതത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു മേലുള്ള സുപ്രീംകോടതിയുടെ ഇടപെടല്‍ ദൗര്‍ഭാഗ്യകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം ഭേദഗതി ചെയ്യരുതെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് ആവശ്യപ്പെട്ടു. ദലിത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.സി എസ്.റ്റി നിയമം ഭേദഗതി ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരുലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി രാഷ്ട്രപതിക്കു നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുഴയില്‍ ആദ്യ ഒപ്പിട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര്യജനാധിപത്യ ഭരണഘടന അംഗീകരിച്ച് നടപ്പിലാക്കിയിട്ട് 70 വര്‍ഷത്തോളം പൂര്‍ത്തീകരിക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ ദലിതരുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ നീതി ലഭിക്കാതിരിക്കുമ്പോള്‍ കോടതികള്‍ തന്നെ നീതിനിഷേധിക്കുന്നതിന് മുന്നിട്ടിറങ്ങി ഭരണഘടന അട്ടിമറിക്കുന്നതിനെതിരേ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തി സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദലിത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ ശശി അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം അമീര്‍അലി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി.എ ബഷീര്‍, ദലിത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി.സി രാജന്‍, പ്രവാസി ജില്ലാസഹകരണ സംഘം പ്രസിഡന്റ് അബൂബക്കര്‍ മടത്തോടത്ത്, ജില്ലാ സെക്രട്ടറി സി.കെ വേലായുധന്‍, രാജു ഒളിയന്നൂര്‍, സുബ്രഹ്മണ്യന്‍ കോട്ടപ്പടി എം.റ്റി അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."