സിയോളില്‍ കണ്ടത് ഒറ്റയാള്‍ നയതന്ത്ര പരാജയം
ചില നടപടിക്രമങ്ങള്‍ ബാക്കിയായതാണ് എന്‍.എസ്.ജിയില്‍ ഇന്ത്യക്ക് അംഗത്വം കിട്ടാതെ പോയതെന്നും വര്‍ഷാവസാനം അംഗത്വം യാഥാര്‍ഥ്യമാകുമെന്നും ഇന്ത്യയെ ആശ്വസിപ്പിക്കാനെന്നവണ്ണം വൈറ്റ് ഹൗസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഒരു പ്രതീക്ഷമാത്രമാണ്. ഡിസംബറോടെ ചൈനയുടേയും ബ്രസീലിന്റെയും മനം മാറുമെന്നതിന് യാതൊരു ഉറപ്പുമില്ല. പ്രധാനമന്ത്രി നരോന്ദ്രമോദി കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍.എസ്.ജിയിലെ അംഗരാജ്യങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിട്ടും സാധ്യമാകാതെ പോയ അംഗത്വം ഡിസംബറോടെ സാധ്യമാകുമെന്നത് വെറും ഒരു സങ്കല്‍പം മാത്രമാണ്. ആണവ നിര്‍വ്യാപന കരാറില്‍(എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങളെയൊന്നും ആണവ വിതരണ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സംഘടനയുടെ ലിഖിതമായ നിയമമാണെന്നിരിക്കെ ആ നിയമം ഡിസംബറോടെ ഇല്ലാതാകുമെന്നതിന് എന്തെങ്കിലും ഉറപ്പ് ഇന്ത്യക്ക് നല്‍കുവാന്‍ അമേരിക്കക്ക് കഴിയുമോ. സോളില്‍ എന്‍.എസ്.ജിയുടെ പ്ലീനറി സമ്മേളനം തുടങ്ങും മുന്‍പേ ചൈനയുടെ പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്രമോദി താഷ്‌കന്റില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും വിഫലമാകുകയായിരുന്നു. ചിരിച്ചും ഉല്ലസിച്ചും പ്രധാനമന്ത്രിയെ ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചുവെങ്കിലും കാര്യത്തോടടുത്തപ്പോള്‍ ചൈന തല്‍സ്വരൂപം പുറത്തെടുത്തു. ചൈന മാത്രമല്ല ബ്രസീല്‍, തുര്‍ക്കി, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയെ ആണവ വിതരണ സംഘത്തില്‍ ചേര്‍ക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു. എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത മൂന്നു രാഷ്ട്രങ്ങളാണ് ഇന്ത്യ, പാകിസ്താന്‍, ഇസ്‌റാഈല്‍. ഇതില്‍ ഇസ്‌റാഈലും പാകിസ്താനും എന്‍.എസ്.ജിയില്‍ അംഗത്വത്തിനായി അമിതാവേശം കാണിക്കുന്നില്ല. ഇന്ത്യയുടെ വ്യഗ്രതകണ്ട് അടങ്ങിയിരിക്കുകയായിരുന്നു അവര്‍. ഇന്ത്യക്ക് അംഗത്വം ലഭിക്കുകയാണെങ്കില്‍ അതില്‍ പിടിച്ച് അവര്‍ക്കും അംഗത്വം നേടാമെന്നും ഇന്ത്യ ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്ന വെപ്രാളത്തില്‍ പങ്കുചേരേണ്ടെന്നും അവര്‍ തീരുമാനിച്ചത് ബുദ്ധി പൂര്‍വമായിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുകയാണെങ്കില്‍ പാകിസ്താനും നല്‍കണമെന്ന് ചൈന വാദിച്ചത് ബോധപൂര്‍വമാണ്്. ഇന്ത്യയെയും പാകിസ്താനെയും തുല്യനിലയില്‍ കാണാന്‍ ലോകരാഷ് ട്രങ്ങളെ പ്രേരിപ്പിക്കുന്ന ഒരു തന്ത്രം ഇതിനകക്ക് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഭീകര രാഷ് ട്രമെന്ന അപഖ്യാതി പേറിക്കഴിയുന്ന പാകിസ്താന് മാന്യതയുടെ മുഖം നല്‍കുന്നതായിരുന്നു ചൈനയുടെ പരാമര്‍ശം. ചൈനയെ കൊണ്ട് ഇത്തരം ഒരു നിലപാട് എടുപ്പിച്ചതില്‍ ഇന്ത്യയുടെ തലതിരിഞ്ഞ നയതന്ത്രത്തിന് വലിയൊരു പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തനിയെ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെല്ലാം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമ്പേ പരാജയമായിരുന്നുവെന്നാണ് സോളിലെ പര്യവസാനത്തില്‍ നിന്നും മനസിലായത്. വണ്‍മാന്‍ ഷോ അല്ല നയതന്ത്രം. ആഴത്തില്‍ പഠിച്ച് ഗൃഹപാഠം ചെയ്ത നയതന്ത്ര നിപുണരുടേയും ഇന്ത്യയിലെ വിദേശ നയവിദഗ്ധരുടേയും ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തേണ്ട നയതന്ത്രം വേഷഭൂഷാധികള്‍ കൊണ്ടും ഭാവഹാവാദികള്‍ കൊണ്ടും മറ്റുള്ളവരെ അമ്പരപ്പിച്ച് നേടാവുന്നതല്ല.
50 മിനുട്ടുനേരം ചിന്‍ പിന്‍ പിങുമായി സംസാരിച്ചിട്ടും ചൈനയുടെ മനമിളക്കാന്‍ നരേന്ദ്രമോദിക്കായില്ല. ഇന്ത്യയുടെ കാര്യം അതിന്റെ ഗുണഫലങ്ങള്‍ മനസിലാക്കി പരിഗണിക്കണമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ചൈനീസ് പ്രസിഡന്റ് ഉള്‍ക്കൊണ്ടു എന്നുവേണം കരുതാന്‍. ചൈനയെകുറിച്ചുള്ള ഇന്ത്യയുടെ വിലയിരുത്തല്‍ അമ്പേ പരാജയം ആയിരുന്നു. അരുണാചലില്‍ ചൈന ഇടക്കിടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോഴും ഇന്ത്യ ശാന്തത കൈവിടാതിരുന്നത് എന്‍.എസ്.ജി അംഗത്വം ചൈനയുടെ പിന്തുണയോടെ നേടിയെടുക്കാമെന്ന മോഹത്താലായിരിക്കണം. പക്ഷേ വിജയം കണ്ടില്ല. ചൈന ഏഷ്യയില്‍ വമ്പിച്ച സാമ്പത്തിക രാഷ്ട്രീയ, സൈനിക ശക്തിയായി കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. വളര്‍ച്ചപ്രാപിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ മുഖ്യഎതിരാളി അമേരിക്കയാണെന്നതിന് രണ്ടു പക്ഷമില്ല. അമേരിക്കയുമായുള്ള നരേന്ദ്രമോദിയുടെ അതിരുവിട്ട ചങ്ങാത്തമാണ് ഇന്ത്യയെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. ഇന്ത്യ, അമേരിക്ക അച്ചുതണ്ട് രൂപപ്പെടുകയാണെന്ന് ചൈന സംശയിച്ചു. ഇന്ത്യയുടെ അമിതമായ അമേരിക്കന്‍ വിധേയത്വം ചൈനയെ മാത്രമല്ല, എന്‍.എസ്.ജിയിലെ ഇതര രാഷ് ട്രങ്ങളേയും ഇന്ത്യക്ക് എതിരാക്കി.
ചൈനയും ഇന്ത്യയും കൈക്കോര്‍ത്താല്‍ ഏഷ്യ മാത്രമല്ല ഭാവിയില്‍ ലോകം തന്നെ ഇവരുടെ വരുതിയില്‍ വരുമെന്ന് അമേരിക്ക ഭയപ്പെടുന്നു. അത്തരം ഒരു അവസരത്തെ ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ നിലനില്‍പ്പിന് വേണ്ടതെന്നും അമേരിക്ക കരുതുന്നു. അതിനു വേണ്ടി മാത്രമാണ് അമേരിക്ക ഇന്ത്യയോട് അമിതസ്‌നേഹം ഭാവിക്കുന്നത്. അതുവഴി ചൈനയെ ഇന്ത്യയില്‍ നിന്ന് അകറ്റാമെന്നും അവര്‍ കണക്കുകൂട്ടി. അതു സംഭവിക്കുകയും ചെയ്തു. ബറാക്ക് ഒബാമയെ ബറാക്ക് എന്ന് പേരെടുത്ത് വിളിക്കാന്‍ മാത്രമുള്ള ഗാഢസൗഹൃദം അമേരിക്ക മോദിക്ക് വച്ച് നീട്ടിയതിനു പിന്നില്‍ ഈ ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. അതു പക്ഷേ മനസിലാക്കാന്‍ ഇന്ത്യക്കോ ഇന്ത്യന്‍ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല. ഉള്ളാലെ ഇന്ത്യക്ക് എന്‍.എസ്.ജി.യില്‍ അംഗത്വം ലഭിക്കരുതെന്ന് അമേരിക്ക ആഗ്രഹിച്ചതാണ്. ഇന്ത്യയോട് ചൈനക്ക് ശത്രുത ഉണ്ടാക്കും വിധം ഇന്ത്യയോടാണ് വിധേയത്വം എന്ന് പുറം ലോകത്തിന് കാണിച്ച് കൊടുക്കണമെന്നതായിരുന്നു അമേരിക്കന്‍ തന്ത്രം. ഇതിനു വേണ്ടിയാണ് പല രാഷ്ട്രങ്ങളോടും ഭംഗിക്കുവേണ്ടി ഇന്ത്യക്കു പിന്തുണ നല്‍കാന്‍ അമേരിക്ക അഭ്യര്‍ഥിച്ചത്. അമേരിക്കയുടെ അഭ്യര്‍ഥനയില്‍ ആത്മാര്‍ഥത തെല്ലുമില്ലെന്ന് എന്‍.എസ്.ജിയിലെ അംഗരാജ്യങ്ങള്‍ക്ക് ബോധ്യവുമായിരുന്നു. അതിനാല്‍ തന്നെ അവര്‍ അമേരിക്കയുടെ അഭ്യര്‍ഥന നിസങ്കോചം തള്ളിക്കളയുകയും ചെയ്തു. ഇന്ത്യയോടൊപ്പമാണെന്ന് അവസാനം വരെ തോന്നിപ്പിച്ച ബ്രസീല്‍ പോലും പ്ലീനറി സമ്മേളനത്തില്‍ കാലുമാറി. ഇതെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രി തനിയെ നടത്തിയ നയതന്ത്ര പരാജയങ്ങളുടെ പരിണിതഫലങ്ങളാണ്. അമേരിക്ക ഇനിയും ഇന്ത്യയെ പോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. അതുവഴി ചൈനയുടെ എതിര്‍പ്പ് ഇന്ത്യ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ പാകിസ്താനെ അമേരിക്ക കൈ ഒഴിയുമോ, അതൊട്ടു ഉണ്ടാകുകയുമില്ല. ഇതാണ് അമേരിക്കയുടെ ഇരട്ടത്താപ്പ്. അമേരിക്ക ക്ഷയിച്ചു വരികയാണെന്ന് മറ്റാരേക്കാളും ബോധ്യം ആ രാജ്യത്തിനു തന്നെയാണ്. അമേരിക്കയുടെ സ്ഥാനത്ത് നാളെ ചൈന വരാതിരിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ആ രാഷ്ട്രമിന്ന്. അതിന് ഇന്ത്യയെ കരുവാക്കിക്കൊണ്ടിരിക്കുന്നു.
ശക്തനായ ഭരണാധികാരിയാണ് താനെന്ന് സ്വയം ധരിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ ശക്തി തെളിയിക്കാന്‍ കിട്ടിയ അവസരമായിരുന്നു സിയോളില്‍ അദ്ദേഹം നഷ്ടപ്പെടുത്തിയത്. ഒരൊറ്റ വ്യക്തിയെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രത്തിനും മുന്നോട്ടുപോകാനാവില്ല. വിദേശ നയമെന്നാല്‍ രാജ്യങ്ങള്‍ തോറും ചുറ്റിയടിച്ച് ഭരണാധികാരികളുമായി സംഭാഷണം നടത്തുക എന്നതല്ല, അതിന് അതിന്റേതായ പ്രാധാന്യവും ഗൗരവവും ഉണ്ട്. സുചിന്തിതമായ നയത്തിന്റെ അടിസ്ഥാനത്തില്‍ വേണം രാജ്യങ്ങളുമായുള്ള നയതന്ത്രം രൂപപ്പെടുത്താന്‍. ഏതെങ്കിലും ഒരു രാഷ്ട്രത്തെ അമിതമായി ആശ്രയിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യുവെന്ന് എന്‍.എസ്.ജി അംഗത്വ പരാജയത്തില്‍ നിന്നും ഗുണപാഠമായി ഇന്ത്യ മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."