'ഊരാക്കുരുക്കു തീര്‍ക്കാന്‍ ബലാത്സംഗ കേസ്'
'എന്റെ മോന്‍ പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന്. അതും തൊട്ടടുത്ത വീട്ടിലെ 17 വയസുകാരിയെ.ഓളെക്കൊണ്ട് ഓര് പരാതി കൊടുപ്പിച്ചു. അവനെ തിരക്കി ഇന്നലെയും പൊലിസ് വന്നിരുന്നു. ഞാനും പെണ്‍കുട്ടികളും അവന്റെ ഭാര്യയുമൊക്കെ ഉറങ്ങീട്ട് ദിവസങ്ങളായി. രണ്ട് ആണ്‍മക്കള്‍ എവിടെയാണെന്നു പോലും അറിയില്ല.'
അക്രമത്തിനിരയായ ചാപ്പപടിയിലെ വീടുകളിലൊന്നിലെ ഗൃഹനാഥയായ മൈമൂനയ്ക്ക് പറയാനുള്ളത് ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകനെതിരേ ഊരാക്കുരുക്കു തീര്‍ത്ത കഥ. മാര്‍ച്ച് അഞ്ചിനു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആക്രമിക്കപ്പെട്ട വീടുകളിലൊന്നാണു ചാപ്പപടി മാണ്ടന്റെ പുരയ്ക്കല്‍ ഹുസൈന്റെ വീട്. ഹുസൈന്റെ ഭാര്യ മൈമൂനയും മുതിര്‍ന്ന പെണ്‍മക്കളും പേരക്കുട്ടികളുമൊക്കെ പേടിച്ചുവിറച്ചിരിക്കുകയാണിപ്പോഴും.
രണ്ടുതവണ തങ്ങളുടെ വീട്ടില്‍ കയറി ജനല്‍ ചില്ലുകളും വാതിലുകളും ഒക്കെ നശിപ്പിച്ചവര്‍ ഇനിയുമെത്തുമെന്ന ആധിയാണ് ഇവര്‍ക്കിപ്പോഴും. ഇവിടുത്തെ മൂത്തമകനായ ഇസ്ഹാഖിനെയാണ് അക്രമിസംഘത്തിനുവേണ്ടത്. ഇസ്ഹാഖിനെ അന്വേഷിച്ചുവന്നവര്‍ കിട്ടാതായപ്പോള്‍ സര്‍വ്വതും നശിപ്പിച്ചു കടന്നുകളഞ്ഞു. അകമ്പടിയായെത്തിയ പൊലിസാകട്ടെ കണ്ണീര്‍വാതകം പ്രയോഗിച്ചു സ്ത്രീകളെയും കുട്ടികളെയും തളര്‍ത്തി.
എന്താണു തങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചതെന്നുപോലും അറിയാത്ത ഇവര്‍ കണ്ണുവേദനയും തലവേദനയുമായി ആശുപത്രിയില്‍ കഴിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്ഹാഖിനെ തിരക്കി പൊലിസ് വീണ്ടുമെത്തി. തൊട്ടടുത്ത വീട്ടിലെ പതിനേഴുകാരിയെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് ഇസ്ഹാഖ് ബലാത്സംഗം ചെയ്‌തെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്നു സ്റ്റേഷനില്‍ ഹാജരാക്കണമെന്നും പൊലിസ് പറഞ്ഞു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ തന്റെ മകനെ കുടുക്കാന്‍ ബോധപൂര്‍വം ചെയ്യുന്നതാണ് ഇതെല്ലാമെന്നാണു മൈമൂന പറയുന്നത്. സി.പി.എമ്മിന്റെ വനിതാനേതാവ് ഇരുപതോളം സ്ത്രീകള്‍ ഒപ്പിട്ട പരാതിയും സ്റ്റേഷനില്‍ ഇസ്ഹാഖിനെതിരേ സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്നു പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമാണു മൈമൂനയ്ക്കുള്ളത്. ഇതില്‍ ഇസ്ഹാഖും രണ്ടാമത്തെ മകനായ ജാസിറും പൊലിസിനെ ഭയന്ന് വീട്ടില്‍ വരുന്നില്ല. ഇളയ മകന്‍ ജാബിറിന്് 18 വയസു തികയാത്തതിനാല്‍ വീട്ടിലുണ്ട്. രാത്രിയാകുമ്പോള്‍ മൈമൂനയും പെണ്‍കുട്ടികളും പേരക്കുട്ടികളും തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകും. പേടിച്ചുവിറച്ചുകഴിയുന്ന പരിസരത്തെ ആറു കുടുംബങ്ങള്‍ ഒരുമിച്ചാണു കഴിയുന്നത്.
പൊലിസ് തന്നോടും പെണ്‍മക്കളോടും അറയ്ക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും മൈമൂന പറയുന്നു.'വാതില്‍ തുറക്കെടീ, ഞങ്ങള്‍ ഒണ്ടാക്കി തരാം' എന്നു പറഞ്ഞു പൊലിസുകാരന്‍ ആക്രോശിച്ചതായും മൈമൂന പറഞ്ഞു.
വീട് കയറി കൈയ്യില്‍ കിട്ടിയതെല്ലാം തച്ചുടച്ചും പണവും സ്വര്‍ണ്ണവും ഒക്കെ കവര്‍ച്ച നടത്തിയും കലി തീരാത്ത അക്രമി സംഘം നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടത്തുന്ന ഇത്തരം കഥകള്‍ പലര്‍ക്കും പറയാനുണ്ട്.
പൊലിസിന്റെ ഒത്താശയോടെയാണിതെന്നാണ് തീരദേശവാസികളില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം ആക്രമിക്കപ്പെട്ട വീടുകളില്‍ പൊലിസ് റെയ്ഡുനടത്തുന്നെന്ന വാര്‍ത്ത പ്രചരിച്ചതോടെ തീരദേശവാസികള്‍ കൂടുതല്‍ ഭീതീയിലായി. വീട്ടില്‍ കയറി പ്രായപൂര്‍ത്തിയായവരെ പിടിച്ചുകൊണ്ടുപോകുന്നെന്നും പാസ്‌പോര്‍ട്ട്, വീടിന്റെ ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എടുത്തുകൊണ്ടുപോകുന്നെന്ന വാര്‍ത്തയാണു പരന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."