മുഖ്യമന്ത്രിയുടെ തീവ്രവാദ പദപ്രയോഗം പ്രതിഷേധ സംഗമം നടത്തി
പടിഞ്ഞാറങ്ങാടി: കരിമ്പ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ ജങ്ഷന്‍ സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റണമെന്നാവശ്യപ്പെട്ടു കൂറ്റനാട് കരിമ്പ പാലക്കല്‍ പീടികയില്‍ നടന്ന ഗെയില്‍ സമരത്തെ കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരേ ചാലിശ്ശേരി പഞ്ചായത്ത് മുസ്‌ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. നിയമ സഭയില്‍ തൃത്താലയുടെ എം.എല്‍.എ വി.ടി ബല്‍റാം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സമരത്തില്‍ പങ്കെടുത്ത ജനങ്ങളെ മുഴുവന്‍ തീവ്രവാദികളും, എസ്.ഡി.പി.ഐക്കാരുമാണന്ന് പ്രസ്താവന നടത്തിയ പിണറായി വിജയന്‍ സമരത്തില്‍ പങ്കെടുത്തിരുന്ന പാര്‍ട്ടി അണികളും തീവ്രവാദികളും എസ്.ഡി.പി.ഐ ക്കാരും ആണോ എന്ന് വ്യക്തമാക്കണം. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും തീവ്ര വാദികളാണെന്ന മുഖ്യമന്ത്രിയുടെ ധിക്കാരപരമായ പ്രസ്താവന പിന്‍വലിക്കണമെന്നും സമരവുമായി എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫാറൂഖ് മാസ്റ്റര്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എം.എച്ച് മുസ്തഫ അധ്യക്ഷനായി. സമദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എസ് അബ്ദുല്‍റഹ്മാന്‍, റസാഖ് പുളിയഞാലില്‍, ഫൈസല്‍ മാസ്റ്റര്‍, കബീര്‍ പട്ടിശ്ശേരി, റസാഖ് എം.എം, ഇസ്മാഈല്‍ മാളിയേക്കല്‍, സലാം മൗലവി, മുഹമ്മദ് കുട്ടി പാലക്കല്‍ പീടിക, നിഷാദ് കരിമ്പ, ലത്തീഫ് എം.എം, ഷംസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."