കാലാവസ്ഥാ വ്യതിയാനം: മത്സ്യ പ്രചനനം നേരത്തെ, ട്രോളിങ് നിരോധനം പാഴ്‌വേലയാകും
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് മത്സ്യ പ്രചനനം രണ്ടു മാസം നേരത്തെ നടന്നു. സാധാരണ മണ്‍സൂണ്‍ കാലത്താണ് അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പ്രചനനം നടത്തുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന ട്രോളിങ് നിരോധനം ഇത്തവണ പാഴ്‌വേലയാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ജലോപരിതലത്തില്‍ മുട്ടയിട്ട് വളരുന്ന മത്സ്യങ്ങളാണ് ഇത്തവണ നേരത്തെ പ്രചനനം നടത്തിയത്. കാലാവസ്ഥാ മാറ്റമാണ് ഇതിനു കാരണമെന്ന് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ഫിഷറീസ് വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം. ഹരികൃഷ്ണന്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഇപ്പോള്‍ ലഭിക്കുന്നത് മുട്ടയോടുകൂടിയ നെയ്‌വച്ച മത്തിയും അയലക്കുഞ്ഞുങ്ങളുമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത് സാധാരണ ജൂണ്‍ അവസാനമോ ജൂലൈ പകുതിയോ ആകുമ്പോഴാണ് ലഭിക്കാറുള്ളത്. മാര്‍ച്ച് മാസത്തില്‍ മിക്ക ദിവസങ്ങളിലും അറബിക്കടലില്‍ കനത്തമഴയാണ് ലഭിച്ചത്. ഓഖിക്ക് ശേഷം രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടലില്‍ പേമാരിയും പെയ്തു. പിന്നീട് ഇതുവരെ കടലില്‍ കാലവര്‍ഷത്തിന്റെ പ്രതീതിയില്‍ മഴപെയ്‌തെന്ന് കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സാഗര്‍ ചുഴലിക്കാറ്റും അറബിക്കടലില്‍ മഴപെയ്യുന്നതിന് കാരണമായി.
മത്സ്യങ്ങള്‍ക്ക് പ്രചനനം നടത്താന്‍ അനുകൂലമായ സമുദ്ര ഉപരിതല ഊഷ്മാവും മഴയെ തുടര്‍ന്ന് ഉപരിതല കടല്‍വെള്ളത്തിലെ ഉപ്പിന്റെ കാഠിന്യം (സലൈനിറ്റി) യും കുറഞ്ഞതാണ് ഇത്തവണ പ്രചനനം നേരത്തെയാക്കിയതെന്ന് അനുമാനിക്കുന്നതായി ഡോ. എം. ഹരികൃഷ്ണന്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യപ്രചനനത്തില്‍ മാറ്റം വന്ന സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സ്യപ്രചനന കാലത്താണ് സാധാരണ ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇത്തവണ ട്രോളിങ് നിരോധനം നടപ്പാക്കുമ്പോഴേക്കും മത്സ്യപ്രചനനം കഴിഞ്ഞിരിക്കുമെന്നും ഇപ്പോള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയുകയാണ് വേണ്ടതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലിലെ മഴ മൂലം കടല്‍വെള്ളത്തിന് ചൂടു കുറഞ്ഞതിനാല്‍ മത്സ്യങ്ങള്‍ ഉള്‍വലിഞ്ഞതായും ഇപ്പോള്‍ മത്സ്യത്തിന് ക്ഷാമം നേരിടുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."