ഉംറ, വിസിറ്റിങ് വിസ താല്‍ക്കാലികമായി നിര്‍ത്തി
റിയാദ്: ഈ വര്‍ഷത്തെ സീസണിലേക്കുള്ള ഉംറ വിസതാല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. റമദാന്‍ പകുതിക്കു ശേഷം നിരോധനം നിലവില്‍വന്നതായും മന്ത്രാലയം വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉംറ തീര്‍ഥാടകരില്‍ 6.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഹജ്ജ് സീസണ്‍ വരുന്നതിനാല്‍ നിലവില്‍ രാജ്യത്തേക്കുള്ള വിസിറ്റിങ് വിസ അനുവദിക്കുന്നതു നിര്‍ത്തിയിരുന്നു.
റമദാനു മുന്‍പ് അപേക്ഷിച്ചവര്‍ക്കു ഹജ്ജിനു ശേഷം അപേക്ഷിക്കാനാണ് ഓണ്‍ലൈന്‍ സന്ദേശം ലഭിച്ചത്. നിലവില്‍ 64 ലക്ഷത്തോളം ഉംറ വിസകളാണ് ഈ സീസണില്‍ മാത്രം ഇഷ്യൂ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,47,252 വിസകള്‍ അധികമാണിത്. ഇന്നലെവരെ തീര്‍ഥാടനത്തിനായി എത്തിയത് 59,56,631 പേരാണ്. വിസകള്‍ ഇഷ്യൂ ചെയ്ത മറ്റു തീര്‍ഥാടകര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കണം. ഈജിപ്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍. 13,03,067 തീര്‍ഥാടകരില്‍ 12,52,800 പേര്‍ ഇവിടെനിന്നു മക്കയിലെത്തിയിട്ടുണ്ട്. 9,91,337 തീര്‍ഥാടകരുള്ള പാകിസ്താനാണ് തൊട്ടുപിന്നില്‍. ഇന്തോനേഷ്യ (6,99,612), തുര്‍ക്കി (4,73,672), ജോര്‍ദാന്‍ (4,34,479), ഇന്ത്യ (4,09,639), അള്‍ജീരിയ (3,71,949), മലേഷ്യ (2,26,005), യു.എ.ഇ (1,87,289) എന്നിങ്ങനെയാണ് തീര്‍ഥാടകരുടെ കണക്ക്. തീര്‍ഥാടകരില്‍ എല്ലാ രാജ്യങ്ങളിലും മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവു രേഖപ്പെടുത്തിയെങ്കിലും ഇറാഖില്‍നിന്നു 10 ശതമാനം കുറവാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."