ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം: കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളും കൂടി സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലേയ്ക്ക് എത്തിച്ചത്. 45,000 പുതിയ ക്ലാസ് മുറികളും പുതിയ കെട്ടിടങ്ങളും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി നിര്‍മിക്കപ്പെട്ടു. ഈ മേഖലയില്‍ മാത്രം ഇത്രയധികം തുക ചെലവഴിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് മന്ത്രി പറഞ്ഞു.
വികസിത രാഷ്ട്രങ്ങളുടേതിന് സമാനമായ ആരോഗ്യ മേഖലയാണ് ഇന്ന് കേരളത്തിന്റേത്. ഈ മേഖലയിലെ കുറവുകള്‍ മനസിലാക്കി ആര്‍ദ്രം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൂര്‍ണമായും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചതും സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താന് കഴിഞ്ഞതും ശ്രദ്ധേയ നേട്ടങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
ഭവന നിര്‍മാണം ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു മേഖലയാണ്. ലൈഫ് മിഷന്‍ വഴി തിരുവനന്തപുരം ജില്ലയില്‍ മാത്രം 4,181 വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് താമസയോഗ്യമാക്കി. ഹരിതകേരളം പദ്ധതിയിലൂടെ വരട്ടാര്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളെ പുനരുജീവിപ്പിക്കാന് സാധിച്ചതും സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യബോധത്തോടെ നടപ്പിലാക്കുന്ന വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം കൃഷി തുടങ്ങിയ നാലു മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സമ്പൂര്‍ണ പുരോഗതിയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തിലധികം പൊതുജനങ്ങളെയും, ഗുണഭോക്താക്കളെയും സാക്ഷിയാക്കി കഴക്കൂട്ടം ട്രാവന്‍കൂര്‍ കന്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പട്ടയങ്ങളുടെ വിതരണം, ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൈമാറി. ഇതോടൊപ്പം ടെക്‌നോപാര്‍ക്കിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്‍കിയതിന്റെ ആധാരവും കൈമാറി.
ഡോ. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ പ്രശാന്ത്, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, ബി. സത്യന്‍, സി.കെ ഹരീന്ദ്രന്‍, വി. ജോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയോട് അനുബന്ധിച്ച് വൈലോപ്പള്ളി സംസ്‌കൃതി ഭവനും, വയലാര്‍ സാംസ്‌കാരിക വേദിയും സംയുക്തമായി സ്മൃതിഗീതം എന്ന സംഗീത പരിപാടിയും വേദിയില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."