ഫാ.ടോമിക്കെതിരേയുണ്ടായ വംശീയാക്രമണം: ഞെട്ടലില്‍നിന്ന് മോചിതരാകാതെ കളത്തൂര്‍ കുടുംബം
തിരുവമ്പാടി: ആസ്‌ത്രേലിയയില്‍ വംശീയാക്രമണത്തിന് ഇരയായ ഫാ.ടോമി കളത്തൂരിന്റെ കുടുംബം ഇനിയും ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ കരിമ്പ് പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. പരേതനായ മാത്യുവിന്റെയും അന്നമ്മയുടേയും ഏഴുമക്കളില്‍ ആറാമനാണ് ഫാ.ടോമി. ആക്രമണം നടന്ന് ഏതാനും സമയത്തിനുള്ളില്‍ ഫാ.ടോമി ആശുപത്രിയില്‍നിന്ന് അമ്മയേയും സഹോദരന്‍ ബാബു കളത്തൂരിനേയും ഫോണില്‍ വിളിച്ച് താന്‍ സുരക്ഷിതനാണെന്ന് അറിയിച്ചിരുന്നു. കുടുംബം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.
ഇന്നലെ ഫാ.ടോമി ആശുപത്രി വിട്ട് ആസ്‌ത്രേലിയയില്‍ തന്നെയുള്ള ബന്ധുവിട്ടിലേക്ക് പോയതായി സഹോദരന്‍ ബാബു കളത്തൂര്‍ 'സുപ്രഭാത 'ത്തോട് പറഞ്ഞു.ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഫാക്‌നര്‍ നോര്‍ത്തിലെ ദൈവാലയത്തില്‍ വികാരിയാണ് ഫാ.ടോമി കളത്തൂര്‍.
മാര്‍ച്ച് 19ന് ഞായറാഴ്ച കുര്‍ബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു.
കുര്‍ബാനയ്ക്ക് സമയമായതിനാല്‍ അതിനുശേഷം സംസാരിക്കാമെന്ന് പറഞ്ഞ വൈദികനെ അക്രമി കയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. കുര്‍ബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റ് കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാല്‍ കഴുത്തില്‍ ഗുരുതരമായ മുറിവ് ഉണ്ടായില്ല.
സംഭവത്തിനുശേഷം രക്ഷപ്പെട്ടുവെങ്കിലും ഇറ്റാലിയന്‍ വംശജനായ അക്രമിയെ ഇന്നലെ പിടികൂടിയതായി വൈദികന്റെ കുടുംബം അറിയിച്ചു. വൈദികനോട് ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കുകയും ഇന്ത്യാക്കാരനാണെങ്കില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ പാടില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ഇയാള്‍ക്ക് മനോരോഗം ഉണ്ടെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
1994ല്‍ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തും പൊയില്‍ വെറ്റിലപ്പാറ, തുടങ്ങിയ ഇടവകകളില്‍ വികാരിയായും താമരശ്ശേരി അല്‍ഫോന്‍സ സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാലുവര്‍ഷമായി അദ്ദേഹം ആസ്‌ത്രേലിയയില്‍ സേവനം ചെയ്യുകയാണ്. ഫാ.ടോമിയുടെ ഏഴ് സഹോദരങ്ങളില്‍ രണ്ട് പേര്‍ കന്യാസ്ത്രീകളും ഒരാള്‍ വൈദികനുമാണ്. ഫാ.ടോം ഒന്നര മാസം മുന്‍പ് സഹോദരന്‍ ബാബു കളത്തൂരിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."