ചേകാടി പാലം ഉദ്ഘാടനം: യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതം: സി.പി.എം
പുല്‍പ്പള്ളി: ചേകാടി പാലം സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റി. അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാതെ നടത്തുന്ന പാലം ഉദ്ഘാടനം എന്ത് വില കൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സമരാഹ്വാനം പരിഹാസ്യമാണ്.
2010ല്‍ തറക്കല്ലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് നാളിതുവരെയായി ഉദ്ഘാടനം നടത്തുന്നതിന് യാതൊരു പ്രവര്‍ത്തനം നടത്താത്ത ഡി.സി.സിയുടെ പ്രസിഡന്റ് കൂടിയായ സ്ഥലം എം.എല്‍.എക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് പാലം ഉദ്ഘാടനത്തിന് സജ്ജമാവുകയാണ്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷമാണ് അപ്രോച്ച് റോഡിന്റെ പണി ആരംഭിച്ചത്. ടാറിങ് പ്രവൃത്തി ആരംഭിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരാഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്. എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷം സ്വയം കെട്ടുകയാണ് യൂത്ത് കോണ്‍ഗ്രസെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ കരുതിയിരിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എം.എ വിശ്വപ്പന്‍ അധ്യക്ഷനായി. സി.ഡി അജീഷ്, പി.എസ് ജനാര്‍ദനന്‍, എം.എസ് സുരേഷ് ബാബു, ഷാജേഷ് കവിക്കല്‍, പി.എസ് രാമചന്ദ്രന്‍, ശരത് ചന്ദ്രകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."