പ്ലസ് വണ്‍ ഏകജാലകം: ഓണ്‍ലൈനായി അപേക്ഷിച്ചത് 32,585 പേര്
കണ്ണൂര്‍: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ തിയതി 30 വരെ നീട്ടി. ഇന്നലെ വരെയായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയം നിശ്ചയിച്ചിരുന്നത്. കൂടുതല്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തിയതി നീട്ടിയത്. www.hsc-ap.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച 32,585 വിദ്യാര്‍ഥികളാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 64 സി.ബി.എസ്.സി വിദ്യാര്‍ഥികളും 149 ഐ.സി.എസ്.സി വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു വിദ്യാര്‍ഥി ഒരു റവന്യൂ ജില്ലയില്‍ ഒരു മെറിറ്റ് സീറ്റിനുമാത്രമേ അപേക്ഷിക്കാവൂ. ഒന്നില്‍ കൂടുതല്‍ റവന്യൂ ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ സ്കൂളിനും പ്രത്യേകം അപേക്ഷ നല്‍കണം.
അപേക്ഷാ സമയം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ട്രയല്‍ അലോട്മെന്റ് നടത്തുക. 25ന് ട്രയല്‍ അലോട്മെന്റ് നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അപേക്ഷാ തിയതി നിട്ടയതിനാല് അടുത്തമാസം രണ്ടാം വാരമാണ് ട്രയല്‍ അലോട്മെന്റ് നടക്കുക എന്നാണ് വിവരം. ട്രയല്‍ അലോട്മെന്റ് സമയത്ത് സമര്‍പ്പിച്ച വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. രണ്ട് അലോട്മെന്റുകള്‍ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ഇതിനുമുമ്പ് ഒഴിവുകളുടെ വിശദാംശം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്മെന്റില്‍ ലഭ്യമായ സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷന് പുതുക്കി നല്‍കണം. സ്പോര്‍ട്സ് ക്വാട്ട പ്രവേശനം രണ്ടുഘട്ടങ്ങളില്‍ ഓണ്‍ലൈനായി നടത്തും. ജില്ലയിലേക്കുള്ള ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള കൗണ്‍സിലിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."