തീരദേശ വികസനം സമഗ്ര വികസനത്തിന് വഴിതുറക്കും: മുഖ്യമന്ത്രി
തലശ്ശേരി: തീരദേശ വികസനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയാണെന്നും തീരദേശ വികസനം നാടിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തലായി മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. എന്നിട്ടും മത്സ്യതൊഴിലാളികളുടെ ജീവിതസൗകര്യം വേണ്ട രീതിയില്‍ ഇനിയും മെച്ചപ്പെട്ടിട്ടില്ല. മത്സ്യതൊഴിലാളി പെന്‍ഷന്‍ സര്‍ക്കാര്‍ 1,100 രൂപയായി ഉയര്‍ത്തി. സ്വന്തമായി കിടപ്പാടം ഇല്ലാത്ത മത്സ്യതൊഴിലാളികള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ വീട് നിര്‍മിച്ചു നല്‍കും. മത്സ്യ കയറ്റുമതിയില്‍ കേരളം പുറകിലാണ്. ഇത് തിരിച്ചുപിടിക്കണം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. കടല്‍തീരത്ത് നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, സി.പി കുഞ്ഞിരാമന്‍, പി.പി അനില, സി.പി സുമേഷ്, ചന്ദ്രദാസ്, കെ.കെ സതീഷ്‌കുമാര്‍, എം.സി പവിത്രന്‍, സജീവ് മാറോളി, അഡ്വ. പി.വി സൈനുദ്ദീന്‍, യു.എ ലത്തീഫ്, കെ. വിനയരാജ്, എം.പി അരവിന്ദാക്ഷന്‍, ഒതയോത്ത് രമേശന്‍, എസ്. അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."