സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ നടപടിയായി
കാക്കനാട്: കാക്കനാട് പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ അധീനതിയിലുള്ള കോടിക്കണക്കിനു വിലമതിക്കുന്ന ഏക്കറുകണക്കിന് റവന്യു ഭൂമി പിടിച്ചെടുക്കാന്‍ നടപടിയായി. വ്യക്തികളും, സ്ഥാപനങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന റവന്യു ഭൂമി തിരിച്ചുപിടിക്കാനാണ് നടപടിയായത്. ഭൂമി പിടിച്ചെടുക്കാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള അനുകൂല നിലപാട് സ്വീകരിച്ചതാണ് റവന്യു അധികൃതര്‍ക്ക് മുഖം നോക്കാതെ നടപടിയെടുക്കാന്‍ ധൈര്യമായത്.
കാക്കനാട് വില്ലേജ് പരിധിയില്‍ സ്വകാര്യ വ്യക്തിയുടെ അധീനതിയിലുള്ള 44 സെന്റ് റവന്യു ഭൂമി പിടിച്ചെടുത്താണു ഭൂമി തിരിച്ചെടുക്കല്‍ നടപടികള്‍ക്കു തുടക്കം കുറിച്ചത്. ഇന്‍ഫൊപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന ഭൂമിയാണു ഇതുവഴി സര്‍ക്കാര്‍ അധീനതയിലാവുക. സീപോര്‍ട്ട് റോഡിലും സിവില്‍ സ്റ്റേഷനു പരിസരത്തുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഒരേക്കര്‍ കൂടി പിടിച്ചെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 12, 38, 56 സെന്റുകള്‍ വീതമാണ് സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ കാക്കനാട് വില്ലേജ് പരിധിയിലാണ് ഏറ്റവും റവന്യു ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത്. മാറി മാറി അധികാരത്തില്‍ വരുന്ന രാഷ് ട്രീയ കക്ഷികളെ സ്വാധീനിച്ച് പട്ടയം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഭൂമി കൈവശം വച്ചിരുന്നവര്‍.
രണ്ട് മാസം മുമ്പ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാസ്ജിദിന് സമീപം സ്വകാര്യ വ്യക്തി അരനൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരുന്ന 46 സെന്റ് റവന്യു അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഒരു മുന്‍കാല സിനിമ നടിയുടെ ഭര്‍ത്താവിന്റെ കൈവശത്തിരുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് അന്ന് പടിച്ചെടുത്തത്.കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി.
വന്‍ മൂല്യമുള്ള റവന്യു ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് 44 സെന്റ് പിടിച്ചെടുത്തത്. ഇന്‍ഫൊപാര്‍ക്ക്, സീപോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ 1.6 ഏക്കര്‍ റവന്യു പുറമ്പോക്കു സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടെന്ന് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യു പുറമ്പോക്കുകള്‍ കണ്ടെത്തിയത്. കാക്കനാട് മേഖലയില്‍ ഇനിയും പുറമ്പോക്ക് കയ്യേറ്റമുണ്ടെന്നാണ് റവന്യു വകുപ്പിന്് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."