വിവാദത്തില്‍ കുടുങ്ങി കലക്ട്‌റേറ്റിലെ ലിഫ്റ്റ് നിര്‍മാണം: ദുരിതക്കയത്തില്‍ അംഗപരിമിതര്‍
കോട്ടയം: വിവിധ ആവശ്യത്തിനായി കലക്‌ട്രേറ്റില്‍ എത്തുന്ന അംഗവൈകല്യമുള്ളവര്‍ ദുരിതക്കയത്തില്‍. നിരവധിയാളുകള്‍ ദിനംപ്രതി എത്തുന്ന കലക്ട്രേറ്റിലാണ് ലിഫ്റ്റ് നിര്‍മിക്കുന്ന പ്രവര്‍ത്തനം നിലച്ചു. ഇത് വൈകല്യമുള്ളവര്‍ക്ക് മുകളിലേക്ക് പോകുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പദ്ധതിയാഥാര്‍ത്ഥ്യമാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഏറെ ബുദ്ധിമുട്ടിവേണം പലപ്പോഴും പടി കയറി മുകളിലെത്താന്‍. ഊന്നുവടിയുടെ സഹായത്താല്‍ നടക്കുന്നവരും പടികയറാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഒന്നുംകണ്ടില്ലെന്നു നടിക്കുകയാണ് ജില്ലാ അധികാരിയും.
കഴിഞ്ഞ ഒക്ടോബര്‍ 22 ന് കോട്ടയം കലക്ട്‌റേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രാരംഭ നടപടിക്ക് ശേഷം വിവാദത്തില്‍ കുടുങ്ങി ലിഫ്റ്റ് നിര്‍മാണം മുടങ്ങി.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കലക്ടറുടെ ഓഫിസ് തുടങ്ങിയവ മുകളിലത്തെ നിലകളിലായതിനാല്‍ ഇവര്‍ക്ക് പടികയറാതെ നിവൃത്തിയില്ല. തൊഴില്‍ അവസരം തേടിയാണ് ഇവരില്‍ ഏറെയും കലട്രേറ്റിലെത്തി ദുരിതപ്പടി കയറുന്നത്.ഇന്നലെയും അംഗവൈകല്യമുള്ളയാള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച്ചയ്ക്ക് കോട്ടയം കലക്ട്രേറ്റ് സാക്ഷ്യം വഹിച്ചു.കോട്ടയം സ്വദേശിയായ അജിയാണ് ഊന്നുവടി തെന്നിയതോടെ പടിയില്‍ വീണത്. പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പാടുപെട്ട അജിയെ സഹായിക്കാന്‍ പോലും ആരും മുന്‍പോട്ട് വന്നില്ലായിരുന്നു. ഒടുവില്‍ രംഗത്തെത്തിയത് ഒരു പൊലിസുകാരന്‍.
പടിയിറങ്ങാന്‍ ബുദ്ധിമുട്ടിയ അംഗപരിമിതനായ അജിയെ പൊലിസ് ഉദ്യോഗസ്ഥന്‍ താഴത്തെ നിലയില്‍ എത്തിക്കുകയായിരുന്നു. കലട്രേറ്റിലെ താത്കാലിക ജീവനക്കാരനായ ഇദ്ദേഹം ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ വിവരങ്ങള്‍ അറിയാനാണ് അജി ഇന്നലെ കലക്ട്രേറ്റില്‍ എത്തിയത്. പടികയറി മുകളിലെത്തിയപ്പോഴാണ് കലക്ടറില്ലെന്ന വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്ന് താഴേക്കിറങ്ങുന്നവഴിയാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."