ലഹരിക്കായി ഉപയോഗിക്കുന്ന നിയന്ത്രിത മരുന്നുകളുടെ വില്‍പ്പന ജില്ലയില്‍ വ്യാപകം
തൊടുപുഴ: ലഹരിക്കായി ഉപയോഗിക്കുന്ന നിയന്ത്രിത മരുന്നുകളുടെ വില്‍പ്പന ജില്ലയില്‍ വ്യാപകം. മരുന്നുകള്‍ അനധികൃത വില്‍പ്പനക്കായി എത്തിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന്. മധുരയില്‍ നിന്നും മറ്റുമാണ് മരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നത്.
ഇത്തരം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ തമിഴ്‌നാട്ടിലെ മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണ് ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം വില്‍ക്കാന്‍ അനുവാദമുള്ള മരുന്നുകള്‍ വിപണിയില്‍ എത്തിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നത്. വില്‍പ്പനക്കായി ഇത്തരം മരുന്നുകള്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ തൊടുപുഴ മുതലക്കോടം തോട്ടക്കാട്ട് സുനീഷ് ശശിധരനെ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം അ റസ്റ്റു ചെയ്തിരുന്നു. മരുന്നുകളുടെ ഉറവിടത്തെ സംബന്ധിച്ച് ഡ്രഗ്‌സ് ഇന്റലിജലിന്‍സ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
ഇയാളില്‍ നിന്നും ലഹരിക്കുപയോഗിക്കുന്ന കൊഡെയ്ന്‍ ഫോസ്‌ഫേറ്റ് അടങ്ങിയ കഫ് സിറപ്പുകളും ഗര്‍ഭനിരോധന മരുന്നുകളും ലൈംഗിക ഉത്തേജക മരുന്നുകളുമാണ് പിടി കൂടിയത്. ഇതില്‍ ടെര്‍മിപ്പില്‍ കിറ്റ് എന്ന മരുന്ന് ഗര്‍ഭഛിദ്രത്തിന് വ്യാജ ഡോക്ടര്‍മാരും മറ്റും ഉപയോഗിച്ചു വരുന്നതാണ്. നാലു മാസം വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ അംഗീകൃത മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍പ്പന നടത്താമെങ്കിലും സാധാരണ ഡോക്ടര്‍മാര്‍ ഇതിനെ പ്രോല്‍സാഹിപ്പിക്കാറില്ല. സെനിഗ്രാ ടാബ്ലറ്റ്‌സ് ലൈഗിംക ഉത്തേജനത്തിനാണ് ഉപയോഗിക്കുന്നത്. അപൂര്‍വമായി മാത്രമേ ഡോക്ടര്‍മാര്‍ ഇതും കുറിക്കാറുള്ളു. കഫ് സിറപ്പ് വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റുമാണ് വിറ്റഴിക്കുന്നത്. ലഹരിമരുന്നായി ഉപയോഗിക്കാവുന്ന കൊടെയ്ന്‍ അടങ്ങിയ നിരോധിത കഫ് സിറപ്പ് 177 എണ്ണം, ഗര്‍ഭം അലസിപ്പിക്കാനുള്ള ടെര്‍മിപില്‍ കിറ്റ് 160 എണ്ണം , ലൈംഗിക ഉത്തേജക മരുന്നായ സെനിഗ്രായുടെ 50 എംജിയുടെ 5984 ഗുളികകള്‍, സെനിഗ്രാ 100 എംജിയുടെ 1616 ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൂടിയ വിലയ്ക്ക് അനധികൃതമായി വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി.
തൊടുപുഴ കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകള്‍ വില്‍ക്കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ഏതാനും മാസം മുന്‍പും സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സുനീഷ് ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ പൊലിസ് പിടി കൂടിയിരുന്നു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്നു കൈമാറ്റം നടത്തുന്നതിനിടയിലാണ് സംഘം പൊലിസിന്റെ പിടിയിലായത്.
പൊലിസ് വളഞ്ഞു പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാഹനത്തിലും ടൂറിസ്റ്റ് ഹോമിലുമായി സൂക്ഷിച്ചിരുന്ന ഗര്‍ഭിണികള്‍ക്ക് ചുമക്കായി നല്‍കി വരുന്ന കൊടെയ്ന്‍ ഫോസ്‌ഫേറ്റ് അടങ്ങിയ ജനറിക് മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഇവരില്‍ നിന്നും പിടി കൂടി. ഇത് സിഗരറ്റിനോടൊപ്പമോ മദ്യത്തോടൊപ്പമോ കഴിച്ചാല്‍ കഞ്ചാവിനെക്കാള്‍ ഉന്‍മാദാവസ്ഥയിലെത്തും. പ്രതികളുടെ പേരില്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."