റോഡ് സുരക്ഷാ സെമിനാര്‍: അപകടങ്ങള്‍ക്ക് കാരണം മൂന്ന് 'ഓവറു'കള്‍
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയം 2018ല്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാര്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ.ജി ക്ലാസുകള്‍ നയിച്ചു.
ലേണേഴ്‌സ് ടെസ്റ്റ് പാസായവര്‍ക്ക് വേണ്ടിയുള്ള ലേണേഴ്‌സ് ബോധവത്കരണ ക്ലാസും ഇതോടൊപ്പം നടന്നു. പവര്‍ പോയിന്റ് പ്രസന്റേഷനുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ ഒന്നര മണിക്കൂര്‍ ക്ലാസാണ് നടന്നത്. അപകടങ്ങളുടെ സിസിടിവി വീഡിയോകളും ഫോട്ടോകളും സെമിനാറില്‍ ഉള്‍പ്പെടുത്തി.
ഓവര്‍ സ്പീഡ്, ഓവര്‍ ലോഡ്, ഓവര്‍ ടേക്കിംഗ് എന്നീ മൂന്ന് 'ഓവറു'കളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമെന്ന് ദിലീപ് കുമാര്‍ അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള ബ്രേക്ക് സിസ്റ്റത്തെപ്പറ്റിയും ഡിഫന്‍സീവ് ഡ്രൈവിംഗിനെ പറ്റിയും സെമിനാര്‍ ചര്‍ച്ച ചെയ്തു.
ഹെല്‍മെറ്റിന്റേയും സീറ്റ് ബെല്‍റ്റുകളുടേയും ഉപയോഗം ഉദാഹരണങ്ങള്‍ സഹിതം വിശദീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കൊലയാളി ഗെയിമുകള്‍ യുവജനങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അപകടങ്ങളും ഗൗരവമായി കാണേണ്ടതാണ്. സൗത്ത് കൊറിയയില്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ യൂണിഫോം ഷൂവിന്റെ ഹീലുകളുടെ ഉയരം കുറയ്ക്കുന്നതും സ്‌കൂള്‍ ബാഗുകളില്‍ തൂങ്ങിക്കിടക്കുന്ന വള്ളികളുടെ നീളം കുറയ്ക്കുന്നതുമടക്കം നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇതിലൂടെ അപകടങ്ങളുടെ തോത് നല്ലൊരു ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു.
ഇതു പോലുള്ള പദ്ധതികള്‍ നമ്മുടെ നാട്ടിലും നടപ്പാക്കേണ്ടതുണ്ട്. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറില്‍ ചര്‍ച്ചാ വിഷയമായി. ലോകാരോഗ്യ സംഘടനയുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ റോഡ് സേഫ്റ്റി 2015 അനുസരിച്ച് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്.
ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ കേരളവും. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷാ പതക് ലഭിച്ച മലപ്പുറത്തെ അഞ്ച് ചെറുപ്പക്കാരുടെ കഥയോടെയാണ് സെമിനാര്‍ അവസാനിച്ചത്.
അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ നാല് പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഇവര്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പതിനഞ്ച് വര്‍ഷമായി റോഡ് സേഫ്റ്റി ട്രെയിനര്‍ ആയി പ്രവര്‍ത്തിക്കുന്ന മുന്‍ ആര്‍.ടി.ഒ പി.എച്ച് സാദിഖ് അലി സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കി. സ്പീഡാകുന്ന വില്ലനെ മനസുകൊണ്ട് നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."