പേരാമ്പ്ര മേഖലയില്‍ വീണ്ടും അക്രമങ്ങള്‍
പേരാമ്പ്ര: പേരാമ്പ്ര പൊലിസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പാലേരിയിലും എരവട്ടൂരിലും സംഘര്‍ഷം വ്യാപകമാകുന്നു. പാലേരിയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തോടെ ബസ് സ്റ്റോപ്പിനു മുന്നിലെ മനുസ് ബേക്കറിക്കു നേരെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു.
സംഭവസമയത്ത് ബേക്കറിയിലുണ്ടായിരുന്ന ഉടമ നടുക്കണ്ടി ശശി (54), ജീവനക്കാരന് കുനിയില്‍ വിഷ്ണു ( 22), കടയില്‍ എത്തിയ കെ.പി അജീഷ് (28) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേക്കറി അടിച്ചു തകര്‍ത്ത സംഘത്തില്‍ മുഖംമൂടി ധരിച്ചെത്തിയ ഒന്‍പതു പേരാണെന്ന് കടയുടമ പറഞ്ഞു. മൂന്നു ബൈക്കുകളിലാണ് ഇവരെത്തിയത്. വടിവാള്‍ ഉപയോഗിച്ച് വെട്ടിയ നിലയിലാണ് പരുക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് പാലേരിയില്‍ ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. പേരാമ്പ്ര എരവട്ടൂരില്‍ സി.പി.എം സ്ഥാപിച്ച മൂന്നു കൊടിമരം തിങ്കളാഴ്ച അര്‍ധരാത്രി നശിപ്പിച്ചു.
നേരത്തെ സി.പി.എം നിര്‍മിച്ച ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."