റമദാന്‍ ഇസ്‌ലാമിക പ്രചാരണത്തിന് ഉപയുക്തമാക്കുക
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും വിളംബരവുമായാണ് റമദാന്‍ ആഗതമായത്. വിശ്വാസികള്‍ വിശുദ്ധ ഖുര്‍ആനുമായി മറ്റു മാസങ്ങളിലില്ലാത്ത ബന്ധം പുലര്‍ത്തുന്ന മാസമാണ് റമദാന്‍. റമദാനില്‍ സമാധാന ജീവിതം നയിക്കുകയും മറ്റു സമയങ്ങളില്‍ കലഹിക്കുകയുമല്ല, മറിച്ച് ബാക്കി പതിനൊന്ന് മാസങ്ങള്‍ക്കു വേണ്ടിയും പരിശീലനം നേടുകയാണ് ചെയ്യുന്നത്.
ഖുര്‍ആന്‍ അവതരിപ്പിച്ച മാസത്തില്‍ കൂടുതല്‍ ഖുര്‍ആനിലേക്കടുക്കുകയും അതിനെ ജീവിതത്തിലേക്കാവാഹിക്കുകയും ചെയ്യുന്നു. 23 വര്‍ഷം കൊണ്ട് ഖുര്‍ആനിലൂടെ മുഹമ്മദ് നബി (സ) സമാധാനപൂര്‍ണമായ ലോകക്രമമാണ് സൃഷ്ടിച്ചത്. സഹിഷ്ണുതയായിരുന്നു ആ സ്വഭാവത്തിന്റെ മുഖമുദ്ര. ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തവരാണ് വിപ്ലവകാരികളായി മാറുന്നത്.
ഒരു പുതിയ മനുഷ്യനെ സംവിധാനിക്കാനുള്ള പരിശീലനമാണല്ലോ റമദാന്‍. ഖുര്‍ആന്‍ വഴി ഈ മാറ്റം നടക്കുന്നതിന് അതിന്റെ സുചിന്തിതമായ അധ്യാപനങ്ങള്‍ മുഖേനയാണ്. എടുത്തുചാട്ടമോ നശീകരണ ചിന്തകളോ അല്ല ഖുര്‍ആനിക സന്ദേശം. ഖുര്‍ആനികാധ്യാപനങ്ങളെല്ലാം സമാധാന സന്ദേശങ്ങളാണ്.
അല്ലാഹുവിന്റെ പ്രസിദ്ധ നാമങ്ങളിലൊന്നാണല്ലോ 'സലാം'. സമാധാനി എന്നാണതിന്റെ വിവക്ഷ. അവന്റെ നാമത്തിന്റെ ഉള്ളടക്കം പോലും സമാധാനമാണല്ലോ. അവനില്‍ നിന്നാണ് ശാന്തി എന്ന് വിശ്വാസി പ്രഖ്യാപിക്കുന്നു. ശാന്തി ചെന്നു ചേരുന്നതും അവനിലേക്ക് തന്നെ.
വിശ്വാസികള്‍ റമദാനില്‍ അല്ലാഹുവിനോട് ചോദിക്കുന്നത് സ്വര്‍ഗലബ്ധിയാണ്. അല്ലാഹുവിന്റെ വിലപ്പെട്ട ഈ അനുഗ്രഹത്തിന്റെ പ്രസിദ്ധമായ നാമമാണ് ദാറുസ്സലാം അഥവാ സമാധാന ഗേഹം. വിശ്വാസിയുടെ സദാസമയത്തുള്ള പ്രാര്‍ഥനകളും സമാധാന ഗേഹത്തിലെത്തിച്ചേരാന്‍ വേണ്ടിയാണ്.
മോശം വാക്കും പ്രവൃത്തിയും ഉപേക്ഷിക്കലാണല്ലോ വ്രതാനുഷ്ഠാനത്തിന്റെ കാതല്‍. ഇതുതന്നെയാണ് സമാധാനത്തിന്റെ വഴിയും. തിന്‍മകളോട് പൊരുതുന്ന പരിചയെന്നാണ് നബി (സ) നോമ്പിനെ വിശേഷിപ്പിച്ചത്. മനുഷ്യന്റെ വികാരങ്ങളെ നിയന്ത്രിക്കുകവഴി എല്ലാ അസഹിഷണുതകളില്‍ നിന്നുമവനെ തടഞ്ഞുനിര്‍ത്തുന്നു.
ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ഒരു രാത്രിയെ പ്രതീക്ഷിച്ച് വിശ്വാസികള്‍ ഈ മാസത്തില്‍ കാത്തിരിക്കുന്നു. അന്ന് ജിബ്‌രീലും മറ്റു മാലാഖമാരും ഭൂമിയിലേക്ക് വരും. ആ രാത്രി സമാധാന രാവ് എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്.
മതപ്രബോധനം മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കാലമാണല്ലോ റമദാന്‍. ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങളായിരിക്കണം പ്രചരിപ്പിക്കപ്പെടേണ്ടത്. അതിനുപയോഗിക്കുന്ന ഭാഷയും ശൈലിയും ഹൃദ്യമാവണം. നാം എന്തു ചെയ്യുന്നു, പറയുന്നു എന്നതിലപ്പുറം മറ്റുള്ളവര്‍ അതെങ്ങനെ ഗ്രഹിക്കുന്നു എന്നതാണ് പ്രശ്‌നം.
ജനത്തിനോട് അവരുടെ ബുദ്ധിയാല്‍ അഭ്യസിപ്പിക്കുക എന്നാണല്ലോ ആപ്തവാക്യം. കാര്യങ്ങള്‍ പറയുമ്പോള്‍ വളച്ചുകെട്ടില്ലാതെ സംശയത്തിനിട നല്‍കാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു പ്രവാചകന്റേത്. റമദാനിലെ ഉപദേശങ്ങളെല്ലാം ഈ രീതിയില്‍ നടക്കലാണുചിതം.
എന്തും വിളിച്ചു പറഞ്ഞു പ്രകോപനം സൃഷ്ടിക്കുന്നതല്ല പ്രബോധന രീതി. എന്താണോ പറയാനുദ്ദേശിച്ചത് അതിന്റെ നേര്‍വിപരീതമാണ് പലപ്പോഴും മനസിലാക്കപ്പെടുന്നത്. ഇസ്‌ലാമിന്റെ ചൈതന്യം ചോര്‍ന്നു പോകുന്ന അവതരണങ്ങളാണ് ധാരാളമായി നടക്കുന്നത്. വാക്കുകളില്‍ പക്വതയും മാന്യതയും പ്രബോധനത്തിന്റെ അനിവാര്യ ഘടകമാണ്.
ഇസ്‌ലാം സമാധാനമായത് പോലെ പ്രബോധനവും അപ്രകാരമാവേണ്ടതുണ്ട്. ദാവൂദ് നബിക്ക് നല്‍കപ്പെട്ട അനുഗ്രഹമായി പ്രഭാഷണ കല ഖുര്‍ആന്‍ പറയുന്നുണ്ട്. വാക്കുകളെ മനോഹരവും വശ്യവുമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. വാക്കുകള്‍ ഉപദേശങ്ങളാകുമ്പോള്‍ അവ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലും. വിദ്വേഷ വാക്കുകള്‍ വിപരീത ഫലമേ നല്‍കൂ.
റമദാന്‍ ഇസ്‌ലാമിനെ സമാധാന സന്ദേശമായി പരിചയപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയായിരിക്കും കരണീയം. പ്രത്യേകിച്ചും തെറ്റിദ്ധാരണകള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍.
(ഫ്രഞ്ച് വെസ്റ്റ് ആഫ്രിക്കയിലെ മൗറിറ്റാനിയ സ്വദേശിയായ ബയ്യ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറും മാലികി മദ്ഹബുകാരനുമാണ്)
മൊഴിമാറ്റം: സലീം നദ്‌വി വെളിമ്പ്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."