മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സജ്ജീകരണമൊരുക്കി
കോഴിക്കോട്: നിപാ വൈറസ് ബാധയെന്നു സംശയിക്കുന്ന രോഗികളെ ചികിത്സിക്കാനായി മെഡിക്കല്‍ കോളജില്‍ മൂന്ന് ഐസോലേറ്റഡ് വാര്‍ഡുകള്‍ ഒരുക്കി. അത്യാഹിത വിഭാഗത്തിനു സമീപമുള്ള നിരീക്ഷണ വാര്‍ഡും ഇന്‍ഫക്റ്റഡ് ഡിസീസസ് വാര്‍ഡും(വാര്‍ഡ് 43), കെ.എച്ച്.ആര്.ഡബ്ലിയു.എസിനു കീഴിലെ പേവാര്ഡുകളിലൊന്നുമാണ് ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജിനു കീഴിലെ നെഞ്ചുരോഗാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുമാണ് ചികിത്സിക്കുക.
സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്ന് ഒരാഴ്ചത്തേക്കു മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്കി.
മെഡിക്കല്‍ കോളജ് കൂടാതെ ബീച്ച് ആശുപത്രി, പേരാമ്പ്ര, താമരശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും ഇവിടങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന നിപ്പ വൈറസ് ബാധ സംശയിക്കുന്നവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ പണം അനുവദിക്കുമെന്നു മുഖ്യമന്ത്രിയും ഉറപ്പു നല്‍കിയിട്ടുണ്ട്. എച്ച്.ഡി.എസ് ഫണ്ട് വിനിയോഗിച്ചും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാമെന്നും ഈ തുക പിന്നീട് സര്‍ക്കാര്‍ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."