ടൂറിസ്റ്റ് ടാക്‌സിക്കാരുടെ കഞ്ഞികുടി മുട്ടിച്ച് കള്ളടാക്‌സികള്‍ ജില്ലയില്‍ അനുദിനം വര്‍ധിക്കുന്നു
കല്‍പ്പറ്റ: ജില്ലയിലെ ടൂറിസ്റ്റ് ടാക്‌സിക്കാരുടെ കഞ്ഞികുടി മുട്ടിക്കുകയാണ് കള്ളടാക്‌സികള്‍. ജില്ലയുടെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്ന ഇത്തരം കള്ളടാക്‌സികള്‍ തങ്ങളുടെ ജീവിതം പിന്നോട്ടടുപ്പിക്കുകയാണെന്നാണ് ടൂറിസ്റ്റ് ടാക്‌സികള്‍ കൊണ്ട് ഉപജീവനം തേടുന്ന ഡ്രൈവര്‍മാര്‍ പറയുന്നത്.
വയനാടിന്റെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള ടാക്‌സികള്‍ ഓട്ടം നടത്തുന്നുണ്ട്. പല ടാക്‌സികളും ടൂറിസ്റ്റ് ടാക്‌സി ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടിച്ച സംഭവും ജില്ലയിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇത്തരക്കാര്‍ കള്ളടാക്‌സികള്‍ നിര്‍ത്തുന്നില്ല. അവര്‍ വീണ്ടും ഇതേ രീതിയിലുള്ള പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ഇത്തരക്കാര്‍ ഒരേസമയം അഞ്ച് വാഹനങ്ങള്‍ വരെ നിരത്തിലിറക്കുന്നുണ്ട്.
ഇത് ഡ്രൈവിങ് മാത്രം ഉപജീവനമാക്കിയിട്ടുള്ള വയനാട്ടിലെ നൂറു കണക്കിന് ആളുകള്‍ക്കാണ് തിരിച്ചടിയാവുന്നത്. വാഹനം വാടകക്ക് നല്‍കി ദിവസവും 2000 മുതല്‍ 4000 രൂപ വരെയാണ് ഈടാക്കുന്നത്. മാസത്തില്‍ വാടകയിനത്തില്‍ വാങ്ങുന്നത് 10,000 മുതല്‍ 15,000 വരെയാണ്. വാഹനങ്ങളിലെ എണ്ണയടിക്കുന്നതടക്കം യാത്രക്കാരാണ് നല്‍കേണ്ടത്. ഒപ്പം ഡ്രൈവറെ വക്കുകയാണെങ്കില്‍ അയാളുടെ കൂലിയും വണ്ടിക്ക് വരുന്ന കേടുപാടുകളും വാടകക്ക് വിളിച്ചയാള്‍ വഹിക്കണമെന്നാണ് ഇവര്‍ക്കിടയിലെ അലിഖിത നിയമം.
എങ്ങിനെ വന്നാലും വാടകക്ക് നല്‍കിയയാള്‍ക്ക് നഷ്ടമില്ലാത്ത കച്ചവടമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ കിലോമീറ്ററിന് നിശ്ചിത വാടകയീടാക്കി ഓടുന്ന ടൂറിസ്റ്റ് ടാക്‌സിക്കാര്‍ക്ക് ഇതിന്റെ പകുതിപോലും പണം നല്‍കാന്‍ ഇത്തരത്തിലുള്ള യാത്രക്കാര്‍ തയാറാവില്ല താനും.
വര്‍ഷങ്ങളായി ടൂറിസ്റ്റ് ടാക്‌സിക്കാരുടെ ഉപജീവന മാര്‍ഗത്തിലേക്ക് ഇത്തരത്തിലുള്ള വ്യാജന്‍മാരുടെ കടന്നുകയറ്റം ആരംഭിച്ചിട്ട്. എന്നാല്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറാവാത്തത് ഇത്തരക്കാര്‍ക്ക് വളമാകുകയാണ്.
നിത്യ ചിലവിനുള്ള പണം പോലും കിട്ടാതെയും ആഴ്ചകളോളം ഓടാതെയും സ്റ്റാന്റില്‍ കിടക്കുന്ന തങ്ങളുടെ അന്നം മുടക്കിയാണ് ഇത്തരം കള്ള ടാക്‌സികള്‍ സര്‍വിസ് നടത്തുന്നതെന്നാണ് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ ആരോപണം. ഭീമമായ ടാക്‌സും, ഇന്‍ഷുറന്‍സും അടച്ച് നിയമപരമായി സര്‍വിസ് നടത്തുന്ന തങ്ങളുടെ മുന്‍പില്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍വിസ് നടത്തുകയാണ്.
നിരവധി തവണ കള്ളടാക്‌സികള്‍ തങ്ങള്‍ തന്നെ പിടികൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നെങ്കിലും കള്ളടാക്‌സികള്‍ അനുദിനം വര്‍ധിക്കുകയാണ്. ജീവിത മാര്‍ഗമായ തങ്ങളുടെ തൊഴിലിനു വലിയതോതില്‍ ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം സര്‍വിസുകള്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."