ഇസ്‌റാഈല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍: സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്തീന്‍ രാജ്യാന്തര കോടതിയില്‍
ഹേഗ്: ഫലസ്തീന്‍ അതോറിറ്റിയില്‍ ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്തീന്‍ നേതാക്കള്‍ രാജ്യാന്തര കോടതിയെ സമീപിച്ചു. ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനത്തിനിടയില്‍ ഇസ്‌റാഈല്‍ വെടിവയ്പ് നടത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്തീന്‍ രംഗത്തെത്തിയത്. ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയെ കുറിച്ചും ഫലസ്തീനുനേരെയുള്ള കടന്നുകയറ്റത്തെ കുറിച്ചും നിഷേധിക്കാനാകാത്ത അത്രയും തെളിവുകളുണ്ടെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ടി (ഐ.സി.സി)ല്‍ വ്യക്തമാക്കി.
2015 ജനുവരിയില്‍ ആരംഭിച്ച ഇസ്‌റാഈലിനെതിരായ പ്രാഥമികാന്വേഷണത്തിന്റെ നിലവിലെ സ്ഥിതി സൂചിപ്പിച്ചായിരുന്നു മാലിക് ഐ.സി.സിയില്‍ സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ടത്. ഐ.സി.സിയുമായി കരാറില്‍ ഒപ്പിട്ട 123 രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നരഹത്യ, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയ കേസുകളില്‍ വാദം കേള്‍ക്കാനും നടപടി സ്വീകരിക്കാനും കോടതിക്ക് അധികാരമുണ്ട്. ഇസ്‌റാഈല്‍ ഇതില്‍ ഒപ്പുവച്ചിട്ടില്ല. എന്നാല്‍, ഫലസ്തീന് അംഗത്വമുള്ളതിനാല്‍ അവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ കോടതിക്കാവും. ഫലസ്തീന്റെ നീക്കം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു. ഫലസ്തീന്‍ അതോറിറ്റി ഒരു രാജ്യമല്ലാത്തതിനാല്‍ കേസില്‍ വിധി പറയാന്‍ കോടതിക്ക് അവകാശമില്ലെന്നും ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."