ഏകസിവില്‍കോഡ്: നിയമ കമ്മിഷനുമായി വ്യക്തിനിയമ ബോര്‍ഡ് ചര്‍ച്ചനടത്തി
ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ദേശീയ നിയമകമ്മിഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഏകസിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2016 ഒക്ടോബര്‍ ഏഴിന് കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ശേഷം ഇക്കാര്യത്തില്‍ ആദ്യമായാണ് കമ്മിഷനുമായി വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ വിവാഹം, അനന്തരാവകാശം, വിവാഹമോചനം, പുനര്‍വിവാഹം, ശൈശവവിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് കമ്മിഷന്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
പുരുഷന്‍മാര്‍ കുടുംബത്തെ ഉപേക്ഷിച്ചുപോകുന്ന സന്ദര്‍ഭങ്ങളില്‍ മക്കളുടെ അനന്തരാവകാശം സംബന്ധിച്ച് കമ്മിഷന്‍ വിശദാംശങ്ങള്‍ ചോദിച്ചു. ഇസ്‌ലാം നിയമമനുസരിച്ച് ഒരാളെയും ഒഴിവാക്കില്ലെന്നും സ്വന്തം സ്വത്ത്, പരമ്പരാഗതമായി ലഭിച്ച സ്വത്ത് എന്നിവ തമ്മില്‍ വേര്‍തിരിവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. പിതാവ് മരിച്ച സംഭവങ്ങളില്‍ രക്ഷാകര്‍തൃത്വവും അനന്തരാവകാശവും സംബന്ധിച്ച കേസുകള്‍ ഒന്നിച്ചുവരികയാണെങ്കില്‍ മാതാവ് ആയിരിക്കും രക്ഷാകര്‍ത്താവ്. ഈ ഘട്ടത്തില്‍ പിതാവിന്റെ സ്വത്ത് മാത്രമെ മകനുലഭിക്കൂ എന്നും പിതാമഹന്റെ സ്വത്തില്‍ അവകാശം ഉണ്ടായിരിക്കില്ലെന്നും ബോര്‍ഡിനെ ധരിപ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത വ്യക്തിനിയമബോര്‍ഡ് വക്താവ് കമാല്‍ ഫാറൂഖി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."