നിപാ വൈറസ്: മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ല
കോഴിക്കോട്: നിപാ വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. സര്‍ക്കാര്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാകാര്യങ്ങളും തുറന്നുപറയുന്നുണ്ട്. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും. നിപ വൈറസിന് മരുന്ന് കണ്ടുപിടിച്ചെന്നു പറഞ്ഞ് ചിലരെല്ലാം ഫോണ്‍ ചെയ്യുന്നുണ്ട്. സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ വിദഗ്ധസംഘവുമായി മുന്നോട്ടുപോകാനാണ് തീരുമാനം മന്ത്രി പറഞ്ഞു.നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗം വായുവിലൂടെ പകരുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രചാരണങ്ങളുണ്ടായിരുന്നു.
അതേസമയം നിപാ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."