കൈതക്കോട് അപകടം വ്യാപക പരിശോധനക്ക് ജില്ലാ പഞ്ചായത്ത്
നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് വിജിലന്‍സ് സെല്‍ രൂപീകരിക്കുംഅപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും
കൊല്ലം: പുത്തൂര്‍ കൈതക്കോട് കുടിവെള്ളടാങ്ക് വീട്ടിനുമുകളിലേക്ക് മറിഞ്ഞ് ഏഴു വയസുകാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ ജില്ലാ പഞ്ചായത്ത് തീരുമാനം.ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ.ജഗദമ്മയാണ് ഇക്കാര്യം അറിയിച്ചത്.
കൈതക്കോട് കുടിവെള്ളസംഭരണിയും ഇരുമ്പുചട്ടക്കൂടും സ്ഥാപിച്ചിരുന്നത് ഭൂഗര്‍ഭജലവകുപ്പും റവന്യൂവകുപ്പും സംയുക്തമായാണ്. സമാനരീതിയിലുള്ള ഏഴ് കുടിവെള്ളസംഭരണികള്‍ സമീപപ്രദേശങ്ങളില്‍ തന്നെയുണ്ടെന്ന് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള നിര്‍മാണ പ്രവൃത്തികളുടെ പരിശോധനയ്ക്കായി വിജിലന്‍സ് സെല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ സ്‌കൂളുകളുടെ അവസ്ഥയെക്കുറിച്ച് തദ്ദേശഭരണവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അപകടാവസ്ഥയിലുള്ള 13 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതായും ജഗദമ്മ അറിയിച്ചു. 47 കെട്ടിടങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോര്‍ട്ടുണ്ട്. അപകടാവസ്ഥയിലുള്ള 13 കെട്ടിടങ്ങള്‍ എത്രയുംവേഗം പൊളിച്ചുമാറ്റും. ഇവയ്ക്ക് പകരമായി കെട്ടിടം പടുത്തുയര്‍ത്താന്‍ ജില്ലാ പഞ്ചായത്തിനു മാത്രമായി കഴിയില്ല. പകരം സംവിധാനങ്ങള്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരക്ഷാകര്‍ത്തൃ സമിതിയും ജനപ്രതിനിധികളുമൊക്കെ സംയുക്തമായി ആലോചിച്ച് തീരുമാനിക്കണം. വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ അദ്ധ്യയനം നടത്താന്‍ പാടില്ലെന്നുതന്നെയാണ് തീരുമാനമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സി.പി.എം അംഗം അഡ്വ. എസ് പുഷ്പാനന്ദനാണ് കൈതക്കോട് സംഭവം ശ്രദ്ധയില്‍ കൊണ്ടുവന്നത്. അരയടിപോലും താഴ്ചയിലല്ല ഇരുമ്പ് ചട്ടക്കൂട് സ്ഥാപിച്ചിരുന്നതെന്ന് അംഗം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ജില്ലാപഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് അഞ്ചുപേര്‍ അടങ്ങുന്ന വിജിലന്‍സ് സെല്‍ രൂപീകരിക്കണമെന്നും അംഗം ആവശ്യപ്പെട്ടു.
അധ്യയനം ആരംഭിച്ചിട്ടും സ്‌കൂളുകളുടെ സ്ഥിതി ശോചനീയമാണെന്ന് കുലശേഖരപുരം ഡിവിഷന്‍ അംഗം സി.പി.എമ്മിലെ സി. രാധാമണി ചൂണ്ടിക്കാട്ടി. ചെറിയഴീക്കല്‍, അഴീക്കല്‍, കുഴിത്തുറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി ശോചനീയമാണ്. സ്‌കൂള്‍ അറ്റകുറ്റപ്പണിക്കായി ലഭിക്കുന്ന 15 ലക്ഷം രൂപ അപര്യാപ്തമാണെന്നും അംഗം പറഞ്ഞു. എസ്.എസ്.എ ഫണ്ടുമായി ബന്ധപ്പെട്ട പദ്ധതികളില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലാത്ത അവസ്ഥയാണെന്ന് സി.പി.ഐ അംഗം അഡ്വ. എസ് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും പദ്ധതിയുടെ അവസാനഘട്ടം നടക്കാതെ പോകുന്ന അവസ്ഥയാണുള്ളത്. പദ്ധതികളില്‍ സുതാര്യത ഉറപ്പാക്കണമെന്നും അംഗം ആവശ്യപ്പെട്ടു.
സ്‌കൂളുകളുടെ ആവശ്യം മനസ്സിലാക്കാതെയാണ് ബഞ്ചുകളും ഡസ്‌കുകളും നല്‍കുന്നതെന്ന് ഇത്തിക്കര ഡിവിഷനിലെ സി.പി.ഐ അംഗം എന്‍ രവീന്ദ്രന്‍ പരാതിപ്പെട്ടു. അധ്യാപകരുടെ ഒഴിവ് നികത്താന്‍ ജില്ലാപഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് സി.പി.എം അംഗം കെ. സി .ബിനു ആവശ്യപ്പെട്ടു.
ജനറല്‍ ഫണ്ടില്‍ നിന്നും തുകയെടുത്ത് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാമെന്ന് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് സി.പി.എമ്മിലെ എസ് .ഫത്തഹുദ്ദീന്‍ നിര്‍ദേശിച്ചു.
ജില്ലാപഞ്ചായത്ത് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി. അടുത്ത ജില്ലാപഞ്ചായത്ത് യോഗം മുതല്‍ ഉദ്യോഗസ്ഥന്മാരുടെ ഹാജര്‍നില പരിശോധിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷ ഇഎസ് രമാദേവി, അംഗങ്ങളായ രശ്മി, സരോജിനി ബാബു, ഷേര്‍ളി സത്യദേവന്‍, ടി ഗിരിജാകുമാരി എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."