സംയമനം ബലഹീനതയായി കാണരുത്: സ്വാദിഖലി തങ്ങള്‍
മലപ്പുറം: അക്രമങ്ങളെ ആക്രമണങ്ങള്‍ കൊണ്ടല്ല, സംയമനത്തിലൂടെ പരിഹരിക്കലാണ് ഇസ്്‌ലാമിന്റെ മാര്‍ഗമെന്നും സംയമനത്തെ മുസ്്‌ലിംകളുടെ ബലഹീനതയായി സംഘ്പരിവാര്‍ കാണരുതെന്നും എസ്. വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ഒരു മതവും മറ്റൊരു മതത്തെ ധ്വംസിക്കാന്‍ പഠിപ്പിക്കുന്നില്ല എന്നിരിക്കെ ആര്‍.എസ്. എസ് റൂട്ട് മാര്‍ച്ച് നടത്തുകയല്ല, മതം പഠിപ്പിക്കുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു. അമിത അധികാരം മനുഷ്യനെ അമിതമായി ദുഷിപ്പിക്കുമെന്ന വാക്യം നരേന്ദ്രമോദിയുടെ ഭരണത്തില്‍ അര്‍ഥപൂര്‍ണമാണ്. മോദിയും സംഘ് പരിവാറും ദുഷിച്ചാലും അതിന്റെ പേരില്‍ രാജ്യത്തെ ദുഷിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘ് പരിവാറിനെ തിരുത്താന്‍ സമൂഹം തയാറാവുമെന്നും എസ്.വൈ.എസ് പ്രതിഷേധ റാലിയുടെ സമാപനസംഗമം ഉദ്ഘാടനം ചെയ്തു തങ്ങള്‍ പറഞ്ഞു.
പവിത്രമായ പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുന്ന മതാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയവും വേദനാജനകവുമാണെന്നുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്ക് നീണ്ടകാലത്തെ നിലനില്‍പ്പില്ലെന്നു ഫാസിസം മനസിലാക്കണമെന്നും യൂറോപ്പിലും ജര്‍മനിയിലും തകര്‍ന്നടിഞ്ഞ ഫാസിസത്തിന്റെ ചരിത്രമാകും രാജ്യത്തും വരാനിരിക്കുന്നതെന്നും ആലിക്കുട്ടി മുസ്്‌ലിയാര്‍ ഓര്‍മിപ്പിച്ചു.
മതാധ്യാപകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ ലഭിക്കാനാവശ്യമായ രീതിയില്‍ കേസ് രേഖകള്‍ തയാറാക്കുക, കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, കാസര്‍കോട് ജില്ലയിലും മധൂര്‍ പഞ്ചായത്തിലും മുന്‍പ് നടന്ന കൊലപാതക കേസുകളില്‍ പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക, പൊലിസ് നയം ആര്‍.എസ്.എസ്, ബി.ജെ.പി എന്നിവരെ പ്രീണിപ്പിക്കുന്നതാണെന്ന ആരോപണം തിരുത്തുന്ന വിധം നിഷ്പക്ഷത പുലര്‍ത്തി നീതി ഉറപ്പാക്കുക, മത സൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സര്‍വകക്ഷി സംഗമം നടത്തുക, കഴിവുറ്റ പൊലിസ് ഉദ്യോഗസ്ഥന്മാരെ ഈ പ്രദേശങ്ങളില്‍ നിയമിക്കുക, പൊതു ജനങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങള്‍ റാലി ഉന്നയിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുശാവറ അംഗം ടി. പി ഇപ്പ മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."