കീരംപാറ പഞ്ചായത്തില്‍ രണ്ട് റോഡുകളുടെ നവീകരണത്തിന് 25 ലക്ഷം അനുവദിച്ചു
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു. ചെങ്കര പള്ളിക്കുന്ന് നമ്പര്‍ രണ്ട് റോഡിന് 14 ലക്ഷം രൂപയും, കരയിലപ്പാറ കളമ്പാട്ടുകുടി റോഡിന് 11 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എം.എള്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. പ്രസ്തുത തുകകള്‍ക്കുള്ള ഭരണാനുമതി ലഭ്യമായി. കീരംപാറ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ചെങ്കരയില്‍ നിന്നും ആരംഭിച്ച് പുന്നേക്കാട് കോളനി തെക്കുമ്മേല്‍ റോഡിലേക്ക് എത്തുന്നതാണ് ചെങ്കര പള്ളിക്കുന്ന് നമ്പര്‍ രണ്ട് റോഡ്.
ഏകദേശം ഒരു കിമി ദൂരമുള്ള പ്രസ്തുത റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതോടെ പ്രദേശവാസികളായ നൂറ് കണക്കിന് ആളുകള്‍ക്ക് പുന്നേക്കാട് പഞ്ചായത്ത് ഓഫിസ്, സ്‌കൂള്‍, കാര്‍ഷിക വിപണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും.
പുന്നേക്കാട് കല്ലേനിക്കപ്പടി റോഡിന് സമാന്തരമായി നിര്‍മിക്കുന്ന പ്രസ്തുത റോഡ് നിരവധി കര്‍ഷകരുള്ള ഈ മേഖലയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പുന്നേക്കാട് കാര്‍ഷിക വിപണിയില്‍ എളുപ്പത്തില്‍ എത്തിക്കുവാന്‍ സാധിക്കും. പ്രദേശവാസികളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു ഈ സമാന്തര റോഡ്. കീരംപാറ പഞ്ചായത്തിലെ തന്നെ രണ്ട്, പതിമൂന്ന് വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന കരിയിലപ്പാറ കളമ്പാട്ടുകുടി റോഡിന്റെ നവീകരണത്തിനാണ് 11 ലക്ഷം രൂപയുടെ ഭരണാനുമതിയായത്.
കീരംപാറ പഞ്ചായത്തിലെ അതിപുരാതനമായ റോഡായിരുന്നു ഇത്. ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന പ്രസ്തുത റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളായ ഇരുന്നൂറോളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.
ചേലാടന്‍ കോളനി കൃഷ്ണപുരം കോളനി എന്നീ രണ്ട് കോളനികളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് കോളനി നിവാസികള്‍ക്കും, പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ്.റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കുന്നതോടെ കരിയിലപ്പാറ പ്രദേശത്തുകാര്‍ക്ക് പുന്നേക്കാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് പ്രയോജനപ്പെടും.
ഈ രണ്ട് റോഡുകളും നവീകരിക്കണമെന്ന് പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും വേഗത്തില്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് എം.എല്‍.എ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."