പുഴകളുടെ സംരക്ഷണത്തിന് കര്‍മപദ്ധതിയായി; ആര്‍.ഡി.ഒ നേതൃത്വം നല്‍കും
തിരൂര്‍: തിരൂര്‍-പൊന്നാനിപ്പുഴയും ഭാരതപ്പുഴയും സംരക്ഷിക്കുന്നതിന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതിയ്ക്ക് രൂപം നല്‍കി. തിരൂര്‍ താലൂക്ക് ഓഫിസില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടേയും യോഗത്തിലാണ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ഘട്ടംഘട്ടമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ജനകീയ കൂട്ടായ്മയില്‍ പുഴ സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമം.
മലിനീകരണം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടികളെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് എന്ന അധികാരം ഉപയോഗിച്ച് നോട്ടിസ് നല്‍കുമെന്ന് ആര്‍.ഡി.ഒ ടി.വി സുഭാഷ് വ്യക്തമാക്കി.
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇതു സംബന്ധിച്ച നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണം. തിരൂര്‍-പൊന്നാനിപ്പുഴ മലിനീകരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ തീരുമാനിച്ചിട്ടുണ്ട്. മലിനജലം പുഴകളിലേക്ക് എത്തുന്നത് തടയാന്‍ പ്രാദേശികമായി സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കണം. പ്ലാസ് റ്റിക് ഉപയോഗം കുറക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പുഴ സംരക്ഷണ നടപടികള്‍ക്ക് പ്രാദേശിക പിന്തുണ കൂടി തേടും. ഇതിനായി യുവജന-സാമൂഹിക-സാംസ്‌കാരിക ക്ലബുകളുടെ പങ്കാളിത്തവും തേടും.
പ്ലാസ്റ്റിക്കിന് ബദലായുള്ള പദ്ധതികളുമായി കുടുംബശ്രീ യൂനിറ്റുകള്‍ മുന്നോട്ട് വന്നാല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് തിരൂര്‍ അര്‍ബന്‍ ബാങ്ക് ഉപാധ്യക്ഷന്‍ അഡ്വ. ദിനേശ് പൂക്കയില്‍ പ്രസ്താവിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ മാസവും യോഗം ചേര്‍ന്ന് സ്വീകരിച്ച നടപടികള്‍ വിലയിരുത്താനും തീരുമാനിച്ചു. ഭാരതപ്പുഴ സംരക്ഷണത്തിന് ജില്ലാതലത്തില്‍ നേരത്തെ തയാറാക്കിയ പദ്ധതി പുനരുജ്ജീവിപ്പിച്ച് നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."