നിപാ: ജാഗ്രതയോടെ ജില്ല
മലപ്പുറം: നിപാ വൈറസ് ബാധക്കെതിരേ അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെയും കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൈറസ് വ്യാപനവുമായി ഏതെങ്കിലുംതരത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ആശങ്കയകറ്റുന്നതിന് ബ്ലോക്ക്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആശങ്കയുന്നയിക്കുന്നവര്‍ക്ക് ഈ ടീം ക്യത്യമായ മറുപടി നല്‍കും. ഇതിനു പുറമെ സ്ഥലം സന്ദര്‍ശിച്ച് ആശങ്കയകറ്റുന്നതിന് ആവശ്യമായ നടപടികളെടുക്കും.
ജില്ലയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിച്ചു. എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ നടത്തും. ബന്ധപ്പെട്ട കേസുകള്‍ വന്നാല്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ജീവനക്കര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് നിപാ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇവിടെ അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ഐ.സി.യുവില്‍ ഏഴ് കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. എല്ലാ സ്വകാര്യസ്ഥാപനങ്ങളും പൂര്‍ണമായ സഹകരണം ഉറപ്പുനല്‍കി.
അടിയന്തിരസാഹചര്യത്തില്‍ ഉപയോഗിക്കാനായി ജില്ലയില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി. മണിക്കൂറിന് 100 രൂപ നിരക്കില്‍ വെന്റിലേറ്ററിന് ജില്ലാ ഭരണകൂടം പണം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുണ്ടാകുന്ന മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സമാന രോഗലക്ഷണങ്ങള്‍ കാണുന്ന രോഗികളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയാതെ ആശുപത്രികള്‍ മാറ്റുകയോ സ്വതന്ത്രമായ യാത്രക്കോ അനുവദിക്കരുതെന്ന് നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന യോഗത്തില്‍ അറിയിച്ചു. ആവശ്യമില്ലാതെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, ഇ.എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."