ഒരുവര്‍ഷം ഒരുതെരഞ്ഞെടുപ്പ്' ബദല്‍ നിര്‍ദേശവുമായി തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചുനടത്താനുള്ള ആലോചനയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇ.സി) പിന്‍മാറുന്നു.'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നരേന്ദ്രമോദിയുടെ നയത്തിനു പകരം' ഒരുവര്‍ഷം ഒരു തെരഞ്ഞെടുപ്പ്' എന്ന നയവുമായാണ് കമ്മിഷന്‍ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് നിയമ കമ്മിഷനില്‍ നിന്നു ലഭിച്ച കത്തിന് മറുപടിയായി കഴിഞ്ഞമാസം 24ന് അയച്ച മറുപടിയിലാണ് പുതിയ നയം കമ്മിഷന്‍ അറിയിച്ചത്.
ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നേരത്തെ മോദി സര്‍ക്കാര്‍ നിയമകമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷന്‍ നിയമവിദഗ്ധരുമായി ആലോചിച്ചു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിന് അഞ്ചു ഭരണഘടനാ തടസങ്ങളും 15ഓളം വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും നിയമകമ്മിഷന്‍ ഇ.സിയെ അറിയിച്ചു.
ഇതുസംബന്ധിച്ച തുടര്‍ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള സര്‍ക്കാര്‍ നയത്തെ പിന്തുണക്കുന്നുണ്ടെങ്കിലും സാമ്പത്തികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്ന് നിയമകമ്മിഷനോട് ഇ.സി ആരാഞ്ഞു. ഇത്തരം തടസങ്ങളുള്ളതിനാല്‍ ഓരോ വര്‍ഷത്തെയും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതാണ് നല്ലതെന്ന് ഇ.സി വ്യക്തമാക്കുകയായിരുന്നു.
1951 ജനപ്രാതിനിധ്യ നിയമത്തിലെ15ാംവകുപ്പ് പ്രകാരം ഒരു സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു ആറുമാസം മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുത് എന്നു പറയുന്നുണ്ട്.
ഇക്കാരണത്താല്‍ അഞ്ചുമാസങ്ങളുടെ ഇടവേളകളില്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്മിഷന്‍ ഒന്നിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറുള്ളത്. ഒരുവര്‍ഷം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കുകയാണെങ്കില്‍ ചില സര്‍ക്കരുകളുടെ കാലാവധി ആറുമാസത്തിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതിനാല്‍ ഭരണഘടനാഭേദഗതിവേണ്ടിവരും. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനെ അപേക്ഷിച്ച് ഒരുവര്‍ഷം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കണമെങ്കില്‍ വലിയ തോതിലുള്ള ഭരണഘടനാഭേദഗതി ആവശ്യമില്ലെന്നും ഇ.സി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കാലാവധി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ 83ാം വകുപ്പിനൊപ്പം 85 (രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിടല്‍),172 (സംസ്ഥാന നിയമസഭകളുടെ കാലാവധി), 174 (സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടല്‍), 356 (രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തല്‍) എന്നീ വകുപ്പുകളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ഒരു വര്‍ഷം തന്നെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാവൂ. എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ 15ാം വകുപ്പ് മാത്രം ഭേദഗതിചെയ്ത് ഒരുവര്‍ഷം ഒരു തെരഞ്ഞെടുപ്പ് നയം നടപ്പാക്കാമെന്നുമാണ് കമ്മിഷന്റെ നിലപാട്.
2017ല്‍ ഏഴ് സംസ്ഥാനങ്ങളുടെ കാലവധിയാണ് അവസാനിച്ചത്. പക്ഷേ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ നിയമപ്രകാരം സാധ്യമാകുമായിരുന്നില്ല. അതിനാല്‍ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആദ്യവും ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വര്‍ഷാവസാനവും നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."