ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശം അവഗണനയില്‍ തളര്‍ന്ന് ചീക്കല്ലൂര്‍
പനമരം: അവരു ചെയ്യട്ടെ, ഇവരു ചെയ്യട്ടെ എന്ന ബന്ധപ്പെട്ട ബ്ലോക്ക്, ഗ്രാമ പഞ്ചായത്തധികൃതരുടെ നിലപാട് ചീക്കല്ലൂര്‍ പ്രദേശത്തിന്റെ വികസനം മുരടിപ്പിക്കുന്നു. രണ്ടു ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായതാണ് ചീക്കല്ലൂരിന് തീരാ ശാപമാകുന്നത്. യാത്രാ ദുരിതമാണ് പ്രദേശത്തുകാരുടെ ഏറ്റവും വലിയ തലവേദന.
കണിയാമ്പറ്റ പഞ്ചായത്തിലെ 18 വാര്‍ഡുകളുള്‍പ്പെടുന്ന ചീക്കല്ലൂര്‍-കൂടോത്തുമ്മല്‍ റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 2001 ല്‍ പ്രധാനമന്ത്രിയുടെ പി.എം ജി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയെട്ട് ലക്ഷം രൂപ മുടക്കിയാണ് പ്രദേശത്ത് 2.5 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്.
എന്നാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡില്‍ നാളിതുവരെയായി ഒരു പണിയും നടന്നിട്ടില്ല. നിലവില്‍ റോഡിന്റെ പല ഭാഗങ്ങളിലും കല്ലുകള്‍ ഇളകി മാറി വന്‍ ഗര്‍ത്തങ്ങളായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിനവും രണ്ടു കിലോമീറ്ററോളം നടന്ന് പനമരത്തോ, കൂടോത്തുമ്മലോ എത്തിയാണ് വാഹനത്തില്‍ കയറുന്നത്.
രോഗികളേയും മറ്റും ആശുപത്രിയിലേക്കെത്തിക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. മുന്‍പ് പനമരം-കൂടോത്തുമ്മല്‍-മീനങ്ങാടി-സുല്‍ത്താന്‍ ബത്തേരിയിലേക്കും കല്‍പ്പറ്റയിലേക്കും സ്വകാര്യ ബസ് സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതോടെ രണ്ടു വര്‍ഷമായി ബസ് സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ചീക്കല്ലൂരിനെ അധികൃതര്‍ അവഗണിക്കുകയാണെന്നും ഇതിനെതിരേ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലുള്‍പെടുത്തിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."