ചെങ്ങന്നൂര്‍ സി.പി.ഐക്ക് നിര്‍ണായകം; തോറ്റാല്‍ മുന്നണിയില്‍ ഒറ്റപ്പെടും
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി മത്സരിക്കുന്നത് സി.പി.എം ആണെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഏറ്റവും നിര്‍ണായകമാകുന്നത് സി.പി.ഐക്ക്. ഇടതു സ്ഥാനാര്‍ഥി തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി പങ്കാളികളാവാന്‍ മണ്ഡലത്തിലെ പാര്‍ട്ടി ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
യു.ഡി.എഫ് വിട്ട് ഒറ്റയ്ക്കുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിനു ലഭിക്കാതെ പോയതിനു കാരണക്കാര്‍ സി.പി.ഐ ആണ്.
ഇടതുമുന്നണിക്കൊപ്പം നില്‍ക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന കെ.എം മാണി യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരായ നിലപാട് സി.പി.ഐ കടുപ്പിച്ചതിനെ തുടര്‍ന്നാണ്. ഒരു കാരണവശാലും മാണി കൂടെവേണ്ടെന്ന് സി.പി.ഐ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ ഇടംലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് മാണി യു.ഡി.എഫിനൊപ്പം പോയത്. ഇത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
നേരത്തെ യു.ഡി.എഫിന്റെ കൈവശമിരുന്ന ചെങ്ങന്നൂര്‍ അപ്രതീക്ഷിതമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തുണച്ചത്. അന്ന് ബി.ജെ.പി സ്ഥാനാര്‍ഥി യു.ഡി.എഫിനു ലഭിക്കേണ്ട വോട്ടുകള്‍ വന്‍തോതില്‍ പിടിച്ചതാണ് ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തിനു കാരണമായത്. നിലവിലെ സാഹചര്യത്തില്‍ ആ വോട്ടുകളില്‍ നല്ലൊരു പങ്ക് യു.ഡി.എഫ് പിടിക്കുമെന്നും കൂട്ടത്തില്‍ ഭരണവിരുദ്ധവികാരം സൃഷ്ടിക്കുന്ന ചോര്‍ച്ച കൂടിയാകുമ്പോള്‍ ഇടതു സ്ഥാനാര്‍ഥിയുടെ നില അത്ര സുരക്ഷിതമല്ലെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ അതിനെ മറികടക്കാനാവുമെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, സി.പി.ഐ നിലപാടു കാരണം അത് ഇല്ലാതായിരിക്കുകയാണ്.
ഇടതു സ്ഥാനാര്‍ഥി തോറ്റാല്‍ അതിനു കാരണം സി.പി.ഐ ആണെന്ന ആരോപണം സി.പി.എം മുന്നണിക്കുള്ളില്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. സി.പി.ഐ ഒഴികെയുള്ള മറ്റു ഘടകകക്ഷികളും ഇക്കാര്യത്തില്‍ സി.പി.എമ്മിനെ പിന്തുണച്ചേക്കാനിടയുണ്ട്. ഇങ്ങനെ മുന്നണിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കഠിന പ്രയത്‌നത്തിലാണ് സി.പി.ഐ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."