പെരുന്നാളിനു മൊഞ്ചുകൂട്ടാന്‍ മൈലാഞ്ചി വിപണി സജീവം
കോഴിക്കോട്: പെരുന്നാളിനു മൊഞ്ചുകൂട്ടാന്‍ നഗരത്തിലെ മൈലാഞ്ചി വിപണി സജീവം. പതിനായിരക്കണക്കിന് മെഹന്തി കോണുകളാണ് പെരുന്നാള്‍ സീസണായതോടെ നഗരത്തില്‍ വിറ്റഴിയുന്നത്. ഏതു തരത്തില്‍ വേണമെങ്കിലും പെട്ടെന്ന് ഇടാവുന്ന കോണ്‍ മൈലാഞ്ചികളാണ് വിപണിയിലെ താരം. 20 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള കോണ്‍ മൈലാഞ്ചികള്‍ വിപണിയിലുണ്ട്. അതില്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകളുമുണ്ട്. അറേബ്യന്‍, ഉത്തരേന്ത്യന്‍, പാക്കിസ്താനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചി വരകളുടെ ഡിസൈനുകള്‍ നിരവധിയാണ്.
കൂട്ടത്തില്‍ അറേബ്യന്‍ സ്റ്റൈലിനോടാണ് എല്ലാവര്‍ക്കും പ്രിയം. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യന്‍ ഡിസൈന്‍ തേടിപ്പോകുന്നതിന് കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു. അറഫ, അറേബ്യന്‍, മെഹ്‌റുബ, സഫ, വഫ, ശിഫ, ബീഗം, സന, ദീന, ദുല്‍ഹന്‍ എന്നിങ്ങനെ പല പേരുകളിലാണ് മൈലാഞ്ചി കോണുകള്‍ വിപണിയിലെത്തുന്നത്. മൈലാഞ്ചിയിടുമ്പോള്‍ പെട്ടെന്ന് തന്നെ നല്ല ചുവപ്പ് കിട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. അതു മനസിലാക്കി മൈലാഞ്ചിയിലയ്‌ക്കൊപ്പം യൂക്കാലി പോലുള്ള വസ്തുക്കളും ചേര്‍ത്താണ് വിപണിയിലെത്തുന്നതെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പെരുന്നാളടുത്തതോടെ നഗരത്തില്‍ പ്രൊഫഷനല്‍ ഡിസൈനര്‍മാരും ബ്യൂട്ടി പാര്‍ലറുകളും തിരക്കിലാണ്. ബ്യൂട്ടി പാര്‍ലറുകളിലും മെഹന്തിയണിയാന്‍ ഒരുപാട് പേര്‍ എത്തുന്നുണ്ട്. 200 മുതല്‍ 1,500 രൂപ വരെയുള്ള മെഹന്തിയാണ് ഇവര്‍ ഇട്ടുനല്‍കുന്നത്. മൈലാഞ്ചി അച്ചുകളും മൈലാഞ്ചി പൗഡറുകളും വിപണിയിലുണ്ട്. കോണുകള്‍ ഉപയോഗിച്ചു വരക്കുമ്പോഴുള്ള മനോഹാരിത കിട്ടാത്തതിനാല്‍ അച്ചുകളോട് യുവത്വത്തിന് പ്രിയം കുറവാണ്. രാജസ്ഥാനില്‍ നിന്നും മുംബൈയില്‍ നിന്നുമെല്ലാമാണ് മൈലാഞ്ചി പൗഡറുകള്‍ കേരളത്തിലെത്തുന്നത്. 100 ഗ്രാമിന് 20 രൂപയാണ് വില.
വീടുകളില്‍ നിന്നെത്തുന്ന മൈലാഞ്ചിക്കും ആവശ്യക്കാര്‍ ഏറെയാണ്. നഗരത്തിലെ മിക്ക കടകളിലും വീടുകളില്‍ നിന്നുണ്ടാക്കി എത്തിച്ച മൈലാഞ്ചി വില്‍പ്പനയ്ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."