കല്‍ബുര്‍ഗി റാഗിങ്: അശ്വതിക്ക് അണുബാധയേറ്റതായി സ്ഥിരീകരിച്ചു
കോഴിക്കോട്: കല്‍ബുര്‍ഗി അല്‍ഖമര്‍ നഴ്സിങ് കോളജില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിക്ക് അണുബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതിനാലാണ് പനി മൂര്‍ച്ഛിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത പനിയെത്തുടര്‍ന്ന് സൂപ്പര്‍ സ്പെഷാലിറ്റിയിലെ ഐ.സി.യുവിലെ പ്രത്യേക ഏരിയയിലാണ് ഇപ്പോള്‍ അശ്വതിയുള്ളത്. സൈക്യാട്രി വിഭാഗവും അശ്വതിയെ പരിശോധിക്കും. വേരിയംസോളോ നടത്തിയ സാഹചര്യത്തില്‍ ഇനി എന്‍ഡോസ്കോപ്പി ആവശ്യമില്ലെന്ന് ഡോ. വി.പി ശശിധരനും ഡോ. വര്‍ഗീസ് തോമസും പറഞ്ഞു. അശ്വതിക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങാമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ പേര് അശ്വതിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇതാണ് അണുബാധയ്ക്ക് കാരണമായത്. അതിനാല്‍ സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. അണുബാധയും പനിയും ഭേദമാക്കാന്‍ പുതിയ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കാനും തീരുമാനിച്ചു. ഇന്നലെ ആശുപത്രിയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്, ഉദര രോഗ വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസ്, മെഡിക്കല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ.സി സോമന്, ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കുര്യാക്കോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."