ആസിഡ് വില്‍പനയ്ക്ക് മൂക്കുകയറുമായി സബ് കലക്ടര്‍
തിരുവനന്തപുരം: ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതിന്റെ വില്‍പനയ്ക്ക് മൂക്കുകയറിടാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്കലക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ കര്‍ശന നടപടികള്‍ക്ക് രൂപം നല്‍കി. സുപ്രീം കോടതി വിധിയുടെയുടെയും കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി.
ആസിഡ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ആസിഡ് ഉപയോഗിച്ച് ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍, പ്രഫഷണല്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ 15 ദിവസത്തിനുള്ളില്‍ ലോഗ്,രജിസ്റ്റര്‍ വിവരങ്ങള്‍, ആസിഡ് വാങ്ങിയ വ്യക്തി, സ്ഥാപനം എന്നിവരുടെ പേര്, മേല്‍വിലാസം, ആസിഡ് വാങ്ങുന്നതിന്റെ ആവശ്യം, ഉദ്യേശം, വില്‍പന നടത്തിയ ആസിഡിന്റെ അളവ് എന്നിവ സബ് ഡിവിഷണല്‍ മജിസ്ട്രറ്റിന് സമര്‍പ്പിക്കണം. ഇതോടൊപ്പം ഇതേ വിവരങ്ങളടങ്ങിയ ലോഗ്, രജിസ്റ്റര്‍ ബുക്ക് ബന്ധപ്പെട്ട സ്ഥാപനത്തില്‍ സൂക്ഷിക്കുകയും പരിശോധനയ്‌ക്കെത്തുമ്പോള്‍ ഹാജരാക്കുകയും വേണം. എല്ലാ സ്ഥാപനത്തിലും ആസിഡുകള്‍ കൈവശം വയ്ക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഉത്തരവാദിത്തപ്പെടുത്തി ഒരുദ്യോഗസ്ഥനെ നിയമിക്കണം. ഈ ഉദ്യോഗസ്ഥന്‍ ആസിഡ് സൂക്ഷിക്കുന്ന സ്ഥലം, ലബോറട്ടറി മുതലായ ഇടങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്ന ആളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം.ആസിഡ് വാങ്ങുന്ന വ്യക്തി ഹാജരാക്കുന്ന സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ, മേല്‍വിലാസം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ആസിഡ് വാങ്ങുന്നതിന്റെ ആവശ്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് വില്‍പ്പനക്കാരന്റെ ഉത്തരവാദിത്തമാണ്.ഇവ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വ്യാപാരിക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡോ. ദിവ്യാ എസ്. അയ്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."