ചാരുംമൂട്ടിലെ വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു
ചാരുംമൂട്: ചെറിയ കാറ്റടിച്ചാല്‍ പോലും ചാരുംമൂട് മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ കാറ്റിലും മഴയിലും ഇടപ്പോണ്‍ വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്ന് നൂറനാട് കരിങ്ങാലി പുഞ്ചയിലൂടെ വലിച്ചിരിക്കുന്ന പോസ്റ്റുകള്‍ തകര്‍ന്ന് ചുനക്കര, നൂറനാട്, ചാരുംമൂടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 15 മണിക്കൂറിലധികം വൈദ്യുതി നിലച്ചു.
മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് സബ് സ്റ്റേഷനില്‍ നിന്നും കടന്ന് പോകുന്ന പഴക്കം ചെന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റുകയും തൂണുകള്‍ സുരക്ഷിതമാക്കുകയും ചെയ്യാഞ്ഞതിനാലാണ് ഇത്തരത്തില്‍ ഇവ തകര്‍ന്ന് വൈദ്യുതി മുടങ്ങാന്‍ കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ വൈദ്യുതി തൂണുകള്‍ ഇവിടെ മറിഞ്ഞുവീഴുന്നത് പതിവാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ ശ്വാശ്വതമായ മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ പ്രധിഷേധത്തിലാണ്.
പ്രദേശങ്ങളില്‍ കാറ്റടിച്ചാലും വൈദ്യുതി ഇല്ലാതാകുന്ന പ്രവണതക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. ദിവസങ്ങളോളം ടച്ചിങ് വെട്ട് എന്ന പേരില്‍ വൈദ്യുതി ഓഫ് ചെയ്ത് നടത്തിയ പ്രവര്‍ത്തികള്‍ക്ക് ശേഷവും വൈദ്യുതി മുടങ്ങുന്നത് ചാരുംമൂട്ടിലെ കെ.എസ്.ഇ.ബി ഓഫിസിന്റെ പ്രവര്‍ത്തന പരിധിയിലെ ജനങ്ങള്‍ക്ക് തീരാശാപമായി ഇന്നും തുടരുന്നു. വൈദ്യുതി ഓഫിസിലേക്ക് ഫോണ്‍ വിളിച്ചാല്‍ മിക്ക സമയവും കിട്ടാറില്ല.
ജില്ലയിലെ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും നിരവധി വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമായ ചാരുംമൂട് വൈദ്യുതി ഓഫിസിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന ആക്ഷേപം ശക്തമാണ്.
ഇന്നലെയും മണിക്കൂറുകളോളം വൈദ്യുതി നിലച്ചത് ഉദ്യോഗസ്ഥരുടെ മുന്‍കരുതല്‍ ഇല്ലാത്ത നടപടികൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."