സുരക്ഷാനിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ ഇന്ന് മുതല്‍ നടപടി: ജില്ലാ കലക്ടര്‍
കോഴിക്കോട്: മിഠായിത്തെരുവ് തീപിടിത്തത്തെ തുടര്‍ന്ന് കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ ഇന്നുമുതല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധന നടത്തുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ 21ന് നടത്തിയ പരിശോധന തൃപ്തികരമായിരുന്നു. അനുവദിച്ച കാലാവധി ഇന്നലെ സമാപിച്ചതിനാല്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.
കോഴിക്കോട്ടെ വ്യാപാരികള്‍ സഹകരണ സമീപനമുള്ളവരാണ്. സുരക്ഷാ നിബന്ധനകള്‍ കൃത്യമായി പാലിക്കുമെന്നാണ് വിശ്വസിക്കുന്നത്.
മിഠായിത്തെരുവ് പൈതൃക പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത് ആശാവഹമാണ്. മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ ബോധവല്‍ക്കരണത്തിന് പകരം ഇനി പ്രവൃത്തിയാണ് ആവശ്യം. സ്ഥായിയായ വികസനമെന്നത് ഭംഗിവാക്കാക്കില്ല. ടൂറിസം വികസനത്തിന് അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുമെന്നും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എം. നിത്യാനന്ദ കമ്മത്ത്, പ്രസിഡന്റ് പി.വി നിധീഷ്, കെ.പി അബൂബക്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."