പരിസരവാസികള്‍ക്ക് ഭീഷണിയായി ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി
പെരുമ്പാവൂര്‍: കഴിഞ്ഞ 17 വര്‍ഷമായി പൂട്ടികിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി പരിസരവാസികളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണിയായിരിക്കുകയാണ്. കമ്പനി പരിസരത്തെ മാലിന്യം മൂലം നിരവധി രോഗങ്ങളാണ് പരിസര പ്രദേശങ്ങലില്‍ പടര്‍ന്നുപിടിക്കുന്നത്. ഗുരുതര പരിസര മലിനീകരണം ഉണ്ടാക്കിയിട്ടുള്ള കമ്പനി പരിസരത്തു നിന്നും ഒരു തുള്ളി ശുദ്ധജലം പോലും ഉപയോഗിക്കാന്‍ കഴിയാത്തവിധം കിണറുകള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനികളും പകര്‍ച്ച വ്യാധികളും റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത് ഈ കമ്പനി പ്രദേശത്തു നിന്നുമാണ്. കഴിഞ്ഞ ദിവസം മുഹമ്മദ് അസ്‌ലം എന്ന 11 വയസുകാരന്റെ മരണത്തോടെ പരിസരവാസികള്‍ ഭീതിയിലാണ്. നൂറുകണക്കിനാളുകള്‍ ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും പിടിപെട്ട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. ഇക്കഴിഞ്ഞ ദിവസം ജില്ലാ കലക്ടറും ബന്ധപ്പെട്ട അധികാരികളും കമ്പനി പരിസരം സന്ദര്‍ശിച്ചതിന്റെ ഫലമായി അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തു വരുന്നുണ്ട്. 100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കമ്പനി കോമ്പൗണ്ടില്‍ അതി ഭയാനകമായ രീതിയില്‍ വന്‍ മരങ്ങളും കാടും വളര്‍ന്ന് പന്തലിച്ച് പലയിടങ്ങളിലും മതില്‍ കെട്ടുകള്‍ തകര്‍ന്നും കിടക്കുന്നു. വന്‍ വിഷപാമ്പുകളും ക്ഷുദ്രജീവികളും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ആയിരക്കണക്കിന് വവ്വാലുകളും വളപ്പില്‍ തമ്പടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനി പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
2001 ല്‍ അടച്ചു പൂട്ടിയ കമ്പനി പ്രതിസന്ധിക്ക് എന്ന് പരിഹാരമാകുമെന്ന് പരിസരവാസികള്‍ക്ക് ഒരറിവുമില്ല. ധനകാര്യ സ്ഥാപനങ്ങളുടെ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞുവെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പെരുമ്പാവൂരില്‍ നടക്കുന്ന പൊതു ചടങ്ങില്‍ വിതരണം ചെയ്യുമെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പെരിയാര്‍ നദി കമ്പനിക്കു ഒരു കിലോമീറ്റര്‍ ചേര്‍ന്നാണ് ഒഴുകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തില്‍ പ്രകൃതി രമണീയമായ ഈ സ്ഥലത്ത് പാരിസ്ഥിതിക വിഷയങ്ങള്‍ ഉണ്ടാവാത്ത സംരംഭങ്ങള്‍ക്ക് രൂപം കൊടുത്ത് പരിസരവാസികളെ നിലവിലുള്ള കെടുതികളില്‍ നിന്ന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.ബി. ഹംസ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."