ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ്; നാട്ടിന് പുറങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷം
പയ്യോളി: ഇതരസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം നാട്ടിന്‍പുറങ്ങളില്‍ തൊഴില്‍ പ്രശ്നങ്ങളും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്നു. നിര്‍മാണ മേഖലകളില്‍ മാത്രം ജോലിക്കെത്തിയിരുന്ന തൊഴിലാളികള്‍ ഇപ്പോള്‍ സകല മേഖലകളിലേക്കും കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്.
ഭാരം ചുമക്കുന്ന ജോലികള്‍ക്കായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളെ എല്ലാവരും ആശ്രയിച്ചിരുന്നത്. വിശ്രമമില്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യുന്നതും കുറഞ്ഞ കൂലി വാങ്ങുകയും ചെയ്യുന്നുവെന്നതാണ് ഇവരുടെ പ്രത്യേകത.
നാട്ടിലെ എല്ലാ നിര്‍മാണ മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വാധീനമായിക്കഴിഞ്ഞു. വലിയ ലേബര്‍ സൊസൈറ്റികളൊക്കെ ഇവര്‍ക്ക് നല്ല പരിശീലനം നല്കി വിദഗ്ധ മേഖലകളിലും ഈ തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കയാണ്.
എല്ലാ രംഗത്തും ഇവരുടെ തള്ളിക്കയറ്റം നാട്ടില്‍ പുറങ്ങളില്‍ വലിയ തൊഴില്‍ പ്രശ്നങ്ങളും ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ചെറിയ ജോലികള്‍ക്ക് പോലും ഇതര സംസ്ഥാനക്കാരെ അന്വേഷിക്കുന്നത് നാട്ടില്‍ പതിവായിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പറമ്പുകള്‍ കിളച്ച് മറിക്കുന്ന ജോലിയും തെങ്ങ് തുറക്കുന്ന ജോലിയുമൊക്കെ സ്ത്രീകള്‍ ചെയ്ത് തുടങ്ങിയത് പുരുഷതൊഴിലാളികളേയും കഷ്ടത്തിലാക്കി. സ്ഥിരമായി വിളിക്കുന്ന തൊഴിലാളികളെ ഒഴിവാക്കി ഇതരസംസ്ഥാനക്കാരെ ജോലിക്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും നാട്ടിന്‍പുറങ്ങളില്‍ ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."