പെരിയാര്‍ സംരക്ഷിക്കാന്‍ അണിചേര്‍ന്നത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍
കൊച്ചി: പെരിയാര്‍ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. പെരിയാറിലേക്കു വിഷംതള്ളുന്ന റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ വൈകുന്നേരം ഹൈക്കോടതി ജങ്ഷനു സമീപം പ്രതിഷേധ സംഗമം നടന്നത്. തുടര്‍ന്നു മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന പൊതുസമ്മേളനം മനുഷ്യാവകാശ പ്രവര്‍ത്തക ഇറോംശര്‍മിള ഉദ്ഘാടനം ചെയ്തു.
കേരളത്തിലെത്തിയശേഷമാണു പെരിയാറിനെക്കുറിച്ചും അതിലെ മാലിന്യപ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞതെന്ന് ഇറോം പറഞ്ഞു. പെരിയാറിലെ മലിനജലം കാരണം കഷ്ടതയനുഭവിക്കുന്നത് 40 ലക്ഷത്തിലേറെ ജനങ്ങളാണ്.
വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന മാലിന്യമാണ് പെരിയാറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. പെരിയാറിനെ ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത് ഒരു കൂട്ടം വ്യവസായങ്ങളാണ്. സമൂഹത്തിലെ ഓരോ മനുഷ്യനും തന്റെ ഉത്തരവാദിത്തം തിരിച്ചറിയണം. വ്യക്തിലാഭത്തിനായി ചെയ്യുന്നത് പലതും നാടിന് ദോഷകരമാകുമെന്ന തിരിച്ചറിവ് വേണം. നീതി നമ്മളെത്തേടി എത്തണമെങ്കില്‍ നാം ഓരോരുത്തരും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.
അഹിംസയിലൂന്നിയ സമരത്തിലാണ് വിശ്വാസം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സഹനത്തിലൂന്നിയ സമരത്തിലൂടെ ലക്ഷ്യം നേടാന്‍ കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു.
വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷയായി. മക്കള്‍ക്ക് പിതൃസ്വത്തായി ശുദ്ധവായുവും ശുദ്ധജലവും നല്‍കാനാകാത്ത അവസ്ഥയില്‍ നാം അസ്വസ്ഥരാകണമെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിനെ പര്‍വ്വതനിരയുടെ പനിനീരെന്നാണ് കവി വിശേഷിപ്പിച്ചത്. എന്നാലിന്ന് െപരിയ മാലിന്യത്തിന്റെ ആറായി ഇതുമാറി.
ലാഭം മാത്രം നോക്കുന്നവര്‍ക്ക് മനുഷ്യരുടെ യാതന കാണാനാകുന്നില്ല. സഹജീവികളുടെ ശബ്ദം കേള്‍ക്കാനാകുന്നില്ല. യുദ്ധത്തില്‍ മരിക്കുന്നതിനേക്കാള്‍ ആളുകള്‍ ഇന്ന് ലോകത്ത് കുടിവെള്ളമില്ലാതെ മരിക്കുന്നു.
ഇനി അടുത്ത ലോകയുദ്ധം നീലസ്വര്‍ണ്ണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളത്തിനായിട്ടായിരിക്കും. ഉയിര്‍ത്ത് തിരുനാളിനായി ഒരുങ്ങുന്ന ഈ കാലത്ത് പെരിയാറിന്റെ കാര്യത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പെരിയാറിലെ മാലിന്യത്തെക്കുറിച്ച് ഡോ.മാര്‍ട്ടിന്‍ എഴുതിയ പഠനഗ്രന്ഥം കേരള ധീവരമഹാസഭ പ്രസിഡന്റ് ദിനകരന് നല്‍കി സാറ ജോസഫ് പ്രകാശനം ചെയ്തു.
എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ , തിരുവനന്തപുരം പാളയം മുന്‍ ഇമാം യൂസഫ് മുഹമ്മദ്, എം.കെ.പ്രസാദ്, ഡോ.ജി.ഡി.മാര്‍ട്ടിന്‍, ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, കോറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി തുടങ്ങിയവര്‍ പ്രസംഗിച്ചു,
കുടിവെള്ള സംരക്ഷണസമിതി ചെയര്‍മാന്‍ സി.എസ്.മുരളി സ്വാഗതം പറഞ്ഞു. പ്രകൃതിയുടെ പാട്ടുകളുമായി ഗായിക രശ്മി സതീശും ഫ്രാന്‍സിക്‌സ് ബാന്‍ഡും വേദിയിലേത്തി.
പെരിയാറിലെ രാസമാലിന്യത്തിനെതിരെ പൗരാവകാശ സംഘടനയായ കോറല്‍, എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കുടിവെള്ള സംരക്ഷണസമിതി എന്നിവരുള്‍പ്പെടെ നൂറോളം സംഘടനകള്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. കുടിവെള്ള പമ്പിങ് അടിയന്തിരമായി സുരക്ഷിതമേഖലയിലേക്ക് മാറ്റുക, പെരിയാറിലെ മാലിന്യം നീക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."