കടവത്തൂരില്‍ ലീഗ് ഓഫിസ് കത്തിച്ചു
പാനൂര്‍: കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ കടവത്തൂര്‍ മുസ്ലിം ലീഗ് ഓഫിസ് സാമൂഹ്യ ദ്രോഹികള്‍ തീവച്ചു നശിപ്പിച്ചു. കടവത്തൂര്‍ ടൗണിലെ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സ്മാരക ലീഗ് ഹൗസാണ് അക്രമികള്‍ തീവച്ചു നശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെ ഓഫിസ് സെക്രട്ടറി ഓഫിസ് തുറക്കാനായി വന്നപ്പോഴാണ് താഴത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലും മുകള്‍ ഭാഗത്തെ ഓഫിസും അനുബന്ധ മുറികളും കത്തിയതായും കണ്ടത്. തീവെപ്പില്‍ ഫര്‍ണിച്ചറുകളും ഫയലുകളും ജനാലകളും വാതിലുകളും മുഴുവനും കത്തിനശിച്ചു. ഓഫിസിനുള്ളിലെ മുപ്പതോളം ഫൈബര്‍ കസേരയും പൂര്‍ണമായും കത്തിയിട്ടുണ്ട്. ഞായാഴ്ച്ച പുലര്‍ച്ചെയാണ് അക്രമം. ടൗണിന് സമീപത്ത് കല്യാണം നടക്കുന്നതിനാല്‍ പ്രവര്‍ത്തകരും നാട്ടുകാരും കല്യാണ വീട്ടിലുള്ള സമയം മനസ്സിലാക്കി ആസൂത്രിതമാണ് അക്രമം നടത്തിയത്. ഇത് രണ്ടാം തവണയാണ് ഓഫിസിനുനേരെ ആക്രമണം നടക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കടവത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രൊഫ. കെ ഇസ്മാഈല്‍, എ.സി ഇസ്മാഈല്‍, ഗഫൂര്‍ മൂലശ്ശേരി, മത്തത്ത് ആലി ഹാജി, നെല്ലൂര്‍ ഇസ്മാഈല്‍, പി.കെ ഇസ്മാഈല്‍, സി മുഹമ്മദ്, എ.പി ഇസ്മാഈല്‍, അബ്ദുള്ള പാലേരി, പി.കെ ശരീഫ്, ശാഫി പുതിയേടം, സമദ് ചാത്തോള്‍, നാസര്‍ പുത്തലത്ത്, സുബൈര്‍ തെക്കയില്‍, മത്തത്ത് ഇഖ്ബാല്‍, വി.പി ഇസ്മാഈല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കാട്ടൂര്‍, ഇ.എ നാസര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത്, ശാഖാ ഭാരവാഹികളുടെ പരാതിയില്‍ കൊളവല്ലൂര്‍ പൊലിസ് കേസെടുത്തു. സ്ഥലത്ത് പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി. അക്രമത്തില്‍ മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും ജനറല്‍ സെക്രട്ടറി വി നാസറും ഡി.സി.സി സിക്രട്ടറി കെ.പി സാജുവും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."